ഒന്നാം നമ്പര്‍ ദ്യോക്കോവിച്ചിനെ പൊട്ടിച്ച് നദാല്‍ ഫൈനലില്‍

Webdunia
ശനി, 8 ജൂണ്‍ 2013 (16:54 IST)
PRO
പരുക്കിന്റെ പിടിയില്‍ നിന്നും തിരിച്ചെത്തിയ ഫ്രഞ്ച് ഓപ്പണില്‍ സ്പാനിഷ് താരം റാഫേല്‍ നദാലിന്റെ കുതിപ്പ് തുടരുന്നു. കളിമണ്‍ കോര്‍ട്ടിലെ രാജകുമാരനെന്നറിയപ്പെടുന്ന നദാല്‍ ലോക ഒന്നാം നമ്പര്‍ താരം ദ്യോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. നിലവിലെ ചാമ്പ്യനായ നദാലിന്റെ എതിരാളി ഡെവിഡ് ഫെഡററാണ്.

ഏറെക്കാലം നീണ്ടു നിന്ന പരിക്കിനു ശേഷം നദാല്‍ കളിക്കുന്ന ആദ്യ ഗ്രാന്‍സ്ലാമാണിത്. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണില്‍ ദ്യോക്കോവിച്ചിനെ പരാജയപ്പെടുത്തിയായിരുന്നു നദാല്‍ ചാമ്പ്യനായത്. അതിന് ശേഷം ഇതാദ്യമായാണ് ഇരുവരും ഏറ്റുമുട്ടിയത്. എട്ടാം കിരീട നേട്ടമാണ് നദാല്‍ ലക്ഷ്യമിടുന്നത്.

എട്ടാം തവണ ഫ്രഞ്ച്‌ ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ താരമെന്ന നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്‌തിയെന്ന റെക്കോഡാണു നദാലിനെ കാത്തിരിക്കുന്നത്‌. കരിയര്‍ ഗ്രാന്‍സ്ലാമെന്ന നേട്ടം കൈവരിക്കാന്‍ ദ്യോക്കോവിച്ചിനാണെങ്കില്‍ ഇനി അടുത്ത സീസണ്‍ വരെ കാത്തിരിക്കണം. ഫ്രഞ്ച്‌ ഓപ്പണ്‍ കിരീടം കൂടി നേടിയാല്‍ ദ്യോക്കോവിച്ചിന്‌ കരിയര്‍ ഗ്രാന്‍സ്ലാം സ്വന്തമാകും.

ജയത്തോടെ ദ്യോക്കോവിച്ചിനെതിരേ നടന്ന 35 കളികളില്‍ 20 ലും ജയിക്കാന്‍ നദാലിനായി. 2009 ല്‍ സ്വീഡന്റെ റോബിന്‍ സോഡര്‍ലിംഗിനോടു തോറ്റതാണു ഫ്രഞ്ച്‌ ഓപ്പണില്‍ നദാല്‍ അവസാനം നേരിട്ട തോല്‍വി.