ഏഷ്യന്‍ കപ്പ്: ഇറാന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

Webdunia
ഞായര്‍, 16 ജനുവരി 2011 (16:07 IST)
ഏഷ്യന്‍ കപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്‍ജേതാക്കളായ ഇറാന്‍ പ്രവേശിച്ചു. ഗ്രൂപ്പ് ഡിയില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെയാണ് ഇറാന്‍ അവസാന എട്ടുടീമുകളില്‍ ഒന്നായത്. ശനിയാഴ്ച നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഉത്തരകൊറിയയെ ഇറാന്‍ പരാജയപ്പെടുത്തിയിരുന്നു. അറുപത്തിരണ്ടാം മിനിറ്റില്‍ കാരിം അന്‍സാരി ഫര്‍ഡിന്‍റെ വകയായിരുന്നു വിജയഗോള്‍.

ആദ്യമത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഇറാഖിനെ പരാജയപ്പെടുത്തിയ ഇറാന് ഈ ജയത്തോടെ ആറു പോയിന്‍റായി. ഉത്തരകൊറിയയ്ക്ക് ഒരു പോയിന്‍റാണുള്ളത്. അവസാന മത്സരത്തില്‍ യു എ ഇയോട് പരാജയപ്പെട്ടാലും ഇറാന് രണ്ടാം സ്ഥാനക്കാരായെങ്കിലും ക്വാര്‍ട്ടറിലെത്താനാകും.

ഗ്രൂപ്പ് എയിലെ അവസാന റൗണ്ട് മത്സരങ്ങളും ഞായറാഴ്ച നടക്കും. ആതിഥേയരായ ഖത്തര്‍ കുവൈറ്റിനെ നേരിടുമ്പോള്‍ രണ്ടാംമത്സരത്തില്‍ ഉസ്‌ബെക്കിസ്താന്‍ ചൈനയെ എതിരിടും. ഇതില്‍ ഉസ്‌ബെക്കിസ്താന്‍ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയതാണ്.