എയര്‍ ഇന്ത്യയെ വിവ ഗോള്‍ മഴയില്‍ മുക്കി

Webdunia
തിങ്കള്‍, 21 ഫെബ്രുവരി 2011 (11:48 IST)
ഐ ലീഗ് ഫുട്‌ബോളില്‍ എയര്‍ ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ വിവ കേരളയുടെ ഗോള്‍ വര്‍ഷം. മത്സരത്തില്‍ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്ക് വിവ ജയിച്ചു.

ഞായറാഴ്ച കണ്ണൂര്‍ മുനിസിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പി കെ അനില്‍ കുമാര്‍ നേടിയ ഹാട്രിക് ഗോളിന്റെ പിന്‍‌ബലത്തിലാണ് വിവ എയര്‍ ഇന്ത്യയെ തറപറ്റിച്ചത്. രണ്ടു ഗോളുകള്‍ നേടിയ ടി കര്‍മയും ഓരോ ഗോള്‍ വീതം നേടിയ എന്‍ പി പ്രദീപ്, ഫെലിക്‌സ് ചിമാക്കു എന്നിവരും വിവയുടെ തകര്‍പ്പന്‍ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

നൈജീരിയന്‍ താരം ഒകോറോഗോര്‍ പ്രെയ്‌സാണ് എയര്‍ ഇന്ത്യയുടെ ആശ്വാസ ഗോള്‍ നേടിയത്.

ഞായറാഴ്ചത്തെ വിജയത്തോടെ വിവയ്ക്ക് 11 പോയിന്‍റായി. ഒ എന്‍ ജി സിക്കും 11 പോയിന്‍റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ മുന്നിലുള്ള വിവ പന്ത്രണ്ടാം സ്ഥാനത്തേക്കെത്തി. ഇതോടെ വിവ തരംതാഴ്ത്തല്‍ മേഖലയില്‍നിന്ന് തത്കാലം പുറത്തുകടന്നു.

ലീഗില്‍ വിവയുടെ രണ്ടാമത്തെ വിജയമാണ് ഞായറാഴ്ചത്തേത്. മോഹന്‍ബഗാനെയാണ് മുമ്പ് തോല്‍പിച്ചത്.