ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ഷോട്പുട്ട് മുന്‍ ലോക യൂറോപ്യന്‍ ചാമ്പ്യനായ ബലാറസ്സിന്റെ ആന്ദ്രേ മിഖാനേവിച്ചിന് ആജീവനാന്ത വിലക്ക്. മുമ്പ് 2001ല്‍ മരുന്നടിയില്‍ പിടിയിലായ മിഖാനേവിച്ച് രണ്ട് വര്‍ഷത്തെ വിലക്ക് നേരിട്ടിരുന്നു.
രണ്ടാമതും ഇതേ കുറ്റത്തിന് പിടിക്കപ്പെട്ടതോടെ ആജീവനാന്ത വിലക്കേര്‍പ്പെടുത്താന്‍ ബലാറസ് അത്‌ലറ്റിക് ഫെഡറേഷന്‍ തീരുമാനിക്കുകയായിരുന്നു. 2005 ല്‍ ഹെല്‍സിങ്കിയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മരുന്നടിക്ക് പിടിക്കപ്പെട്ട മിഖാനേവിച്ചിന്റെ സാമ്പിള്‍ പിന്നീട് നടന്ന രണ്ടാം പരിശോധനയിലും പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതോടെയാണ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.
അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്റെ അംഗീകാരത്തോടെ വിലക്ക് നടപ്പാക്കും. എന്നാല്‍ താന്‍ നിരപരാധിയാണെന്നും തീരുമാനത്തിനെതിരെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൗസേനിലുള്ള അന്താരാഷ്ട്ര കായിക കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷനില്‍ അപ്പീല്‍ നല്കുമെന്നും മിഖാനേവിച്ച് പറഞ്ഞു.
2003- ല്‍ ലോക ചാമ്പ്യനായ മിഖാനേവിച്ച് 2007, 2011 ലോകചാമ്പ്യന്‍ഷിപ്പുകളിലും 2008-ലെ ബീജിംഗ് ഒളിമ്പിക്‌സിലും വെങ്കലമെഡലും കരസ്ഥമാക്കിയിട്ടുണ്ട്