അര്‍മാനിയ്ക്ക് വേണ്ടി റൊണോയും തുണിയുരിഞ്ഞു

Webdunia
വെള്ളി, 15 ജനുവരി 2010 (16:41 IST)
PRO
അര്‍മാനിയുടെ പുതിയ അടിവസ്ത്ര പരസ്യത്തിനായി സൂപ്പര്‍ താരം ക്രിസ്റ്റിയാനൊ റൊണാള്‍ഡോ തുണി ഉരിഞ്ഞു. മേഗാന്‍ ഫോക്സ് അര്‍മാനിയുടെ അടിവസ്ത്രമിട്ട് പ്രത്യക്ഷപ്പെട്ട് തരംഗമുയര്‍ത്തിയതിനു പുറകെയാണ് റോണൊയും അര്‍മാനി അടിവസ്ത്രത്തിന്‍റെ മോഡലാവാന്‍ തുണി ഉരിഞ്ഞത്.

ഇംഗ്ലണ്ട് സൂപ്പര്‍ താരം ഡേവിഡ് ബെക്കാ‍മിന് പകരക്കാരനായാണ് റോണോ അര്‍മാനിയുടെ പരസ്യ മോഡലായത്. ബ്ലാക് ആന്‍ഡ് വൈറ്റില്‍ പുറത്തിറക്കിയ പരസ്യത്തില്‍ തന്‍റെ ശരീര സൌന്ദര്യം മുഴുവന്‍ പ്രദര്‍ശിപ്പിച്ചാണ് റോണൊ ബെക്കാമിനെ കവച്ചുവെക്കുന്നത്.

ഫാഷന്‍ ലോകത്തെ അതികായകനായ ജിയോര്‍ജിയോ അര്‍മാനിയുടെ കടുത്ത ആരാധകനാണ് താനെന്നും അദ്ദേഹത്തിന്‍റെ മോഡലാകാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും റോണൊ പറഞ്ഞു. ചിത്രങ്ങള്‍ കണ്ടപ്പോള്‍ താന്‍ തന്നെ അത്ഭുതപ്പെട്ടുപോയെന്നും റോണൊ പറഞ്ഞു.

അര്‍മാനിയുടെ പരസ്യത്തിന് റോണോ തികച്ചും അനുയോജ്യനാണെന്ന് ജിയോര്‍ജിയോ അര്‍മാനി പറഞ്ഞു. ബെക്കാമിന്‍റെ പകരക്കാരനാവാന്‍ റോണോ തന്നെ യോഗ്യനെന്നും അര്‍മാനി വ്യക്തമാക്കി. കടുത്ത റോണോ ആരാധികമാരുടെ മനസ്സില്‍ തീ കോരിയിടുന്ന രീതിയിലാണ് സൂപ്പര്‍ താരം പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്.