മോഹൻലാലിനെ പിടിച്ചു കുലുക്കിയ 2018, 12 മാസം, 4 വിവാദ സംഭവങ്ങൾ!

എസ് ഹർഷ
വ്യാഴം, 27 ഡിസം‌ബര്‍ 2018 (17:40 IST)
2018 മോഹൻലാലിനു അത്ര നല്ല വർഷമായിരുന്നില്ല. 12ആം മാസത്തിലാണ് നടന് ആശ്വസിക്കാവുന്ന ഒരു വിജയമുണ്ടാകുന്നത്. ഡ്രാമ, നീരാളി എന്നീ ചിത്രങ്ങൾ രണ്ടും പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല. സ്വന്തമായി ഒരു ബ്ലോക് ബസ്റ്റർ ഉണ്ടാക്കാൻ ഈ വർഷം താരത്തിനു കഴിയില്ല എന്ന ആരോപണത്തിൽ നിന്നുമുള്ള തിരിച്ചു വരവായിരുന്നു ഡിസംബറിലിറങ്ങിയ ഒടിയൻ. 
 
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് പദവി ഏറ്റെടുത്തത് മുതലാണ് മോഹൻലാലിന്റെ കഷ്ടകാലം ആരംഭിച്ചത്. പ്രസിഡന്റ് പദവി മോഹൻലാൽ അലങ്കരിച്ചതിന് ശേഷമായിരുന്നു ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തത്. എന്നാൽ, ഇതിനെതിരെ ഡബ്ല്യുസിസി അമ്മയ്ക്കെതിരെ പരസ്യമായി ആരോപണം ഉന്നയിക്കുകയും ആക്രമിക്കപ്പെട്ട നടി അടക്കം 4 നടിമാർ അമ്മയിൽ നിന്നും രാജി വെയ്ക്കക്കുകയും ചെയ്തു.
 
മലയാള സിനിമയെ മൊത്തം ഒരു കുടക്കീഴിൽ കൊണ്ടുപോകാൻ ആഗ്രഹിച്ച മോഹൻലാലിനേറ്റ ഇരുട്ടടിയായിരുന്നു ആ സംഭവം. താരസംഘടനയായ ‘അമ്മ’യ്‌ക്കെതിരെ വനിതാ കൂട്ടായ്‌മയായ ഡബ്ല്യുസിസി രംഗത്തുവന്നത് ശ്രദ്ധേയമായിരുന്നു. ദിലീപിന് അനുകൂലമായ നീക്കങ്ങള്‍ മോഹൻലാൽ നടത്തുന്നുവെന്നായിരുന്നു ഡബ്ല്യുസിസിയുടെ ആരോപണം. 
 
വർഷങ്ങൾ അഭിനയ പരിചയമുള്ള നടിമാരെ ‘വെറും നടിമാർ’ എന്ന് മാത്രം വിളിച്ച് മോഹൻലാൽ അഭിസംബോധന ചെയ്തതും ഡബ്ല്യുസിസി ആയുധമാക്കി ഉപയോഗിച്ചു. മോഹൻലാലിനെതിരെ പത്രസമ്മേളനം നടത്തുകയും പരസ്യമായി ഡബ്ല്യുസിസി ആരോപണം ഉന്നയിക്കുകയും ചെയ്തതോടെ താരം വെട്ടിലായി. ഒടുവിൽ ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കുകയല്ലാതെ മറ്റൊരു വഴി മോഹൻലാലിനു മുന്നിൽ ഇല്ലാതാവുകയായിരുന്നു.
 
ചലച്ചിത്ര അവാര്‍ഡ്ദാനച്ചടങ്ങില്‍ മോഹന്‍ലാലിനെ പിന്തുണയ്ക്കരുതെന്ന ഒരു വിഭാഗത്തിന്‍റെ ആവശ്യമായിരുന്നു അടുത്തത്. സംഭവം ഏറെ വിവാദമായിരുന്നു. ഒരു മുഖ്യാതിഥിയെ കൊണ്ടുവരുന്നത് അനൗചിത്യവും പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചുകാട്ടലും ആണെന്നുമായിരുന്നു പ്രതിഷേധക്കാരുടെ കണ്ടെത്തൽ. എന്നാൽ, പ്രതിഷേധങ്ങൾ ശക്തമായി നിന്നപ്പോഴും മോഹൻലാൽ ചടങ്ങിൽ പങ്കെടുത്തു.
 
ബോളിവുഡിൽ നിന്നും മലയാളത്തിലേക്കും പടർന്നു പന്തലിച്ച മീ ടൂ മൂവ്മെന്റിനെതിരെ പരിഹാസ രൂപേണയായിരുന്നു മോഹൻലാലിന്റെ മറുപടി. മീ ടൂ ചിലർ ഫാഷനായി കാണുകയാണെന്നും അങ്ങനെയൊന്നും മലയാളത്തിൽ ഇല്ലെന്നുമായിരുന്നു പരിഹാസരൂപേണ മോഹൻലാൽ വിഷയത്തോട് പ്രതികരിച്ചത്. 
 
മോഹൻലാലിനെ ഈ വർഷം പിടിച്ചു കുലുക്കിയ മറ്റൊരു വിഷയമാണ് ‘ഒടിയൻ സിനിമ’. ആദ്യം കയ്ച്ചെങ്കിലും പിന്നീട് ഇരട്ടി മധുരമായിരുന്നു ഈ ചിത്രം താരത്തിന് സമ്മാനിച്ചത്. ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ സിനിമ ട്രാക്കിൽ കയറിയിരിക്കുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് മോഹൻലാലിന്റെ ഒടിയൻ. 

അനുബന്ധ വാര്‍ത്തകള്‍

Next Article