രാമായണ പാരായണം - രണ്ടാം ദിവസം

Webdunia
തിങ്കള്‍, 16 ജൂലൈ 2007 (16:44 IST)
രാമായണ പാരായണം - രണ്ടാം ദിവസം പാരായണം ചെയ്യേണ്ട ഭാഗങ്ങളാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.

പുത്രലാഭാലോചന

അമിതഗുണവാനാം നൃപതി ദശരഥ-
നമലനയോദ്ധ്യാധിപതി ധര്‍മ്മാത്മാ വീരന്‍
അമരകുലവരതുല്യനാം സത്യപരാ-
ക്രമനംഗജസമന്‍ കരുണാരത്നാകരന്‍ 520
കൗസല്യാദേവിയോടും ഭര്‍ത്തൃശ്രുശ്രൂഷയ്ക്കേറ്റം
കൗശല്യമേറീടും കൈകേയിയും സുമിത്രയും
ഭാര്യമാരിവരോടും ചേര്‍ന്നു മന്ത്രികളുമായ്‌
കാര്യാകാര്യങ്ങള്‍ വിചാരിച്ചു ഭൂതലമെല്ലാം
പരിപാലിക്കുംകാലമനപത്യത്വം കൊണ്ടു
പരിതാപേന ഗുരുചരണാംബുജദ്വയം
വന്ദനംചെയ്തു ചോദിച്ചീടിനാ'നെന്തു നല്ലൂ
നന്ദനന്മാരുണ്ടാവാനെന്നരുള്‍ചെയ്തീടണം.
പുത്രന്മാരില്ലായ്കയാലെനിക്കു രാജ്യാദിസ-
മ്പത്തു സര്‍വവും ദുഃഖപ്രദമെന്നറിഞ്ഞാലും.' 530
വരിഷ്ഠതപോധനന്‍ വസിഷ്ഠനതു കേട്ടു
ചിരിച്ചു ദശരഥനൃപനോടരുള്‍ചെയ്തുഃ
" നിനക്കു നാലു പുത്രന്മാരുണ്ടായ്‌വരുമതു-
നിനച്ചു ഖേദിക്കേണ്ട മനസി നരപതേ!
വൈകാതേ വരുത്തേണമൃശ്യശൃംഗനെയിപ്പോള്‍
ചെയ്ക നീ ഗുണനിധേ! പുത്രകാമേഷ്ടികര്‍മ്മം."


അശ്വമേധവും പുത്രകമേഷ്ടിയു ം

തന്നുടെ ഗുരുവായ വസിഷ്ഠനിയോഗത്താല്‍
മന്നവന്‍ വൈഭണ്ഡകന്‍തന്നെയും വരുത്തിനാന്‍.
ശാലയും പണിചെയ്തു സരയൂതീരത്തിങ്കല്‍
ഭൂലോകപതി യാഗം ദീക്ഷിച്ചാനതുകാലം. 540
അശ്വമേധാനന്തരം താപസന്മാരുമായി
വിശ്വനായക സമനാകിയ ദശരഥന്‍
വിശ്വനായകനവതാരംചെയ്‌വതിനായി
വിശ്വാസഭക്തിയോടും പുത്രകാമേഷ്ടികര്‍മ്മം
ഋശ്യശൃംഗനാല്‍ ചെയ്യപ്പെട്ടൊരാഹൂതിയാലേ
വിശ്വദേവതാഗണം തൃപ്തമായതുനേരം
ഹേമപാത്രസ്ഥമായ പായസത്തൊടുംകൂടി
ഹോമകുണ്ഡത്തില്‍നിന്നു പൊങ്ങിനാന്‍ വഹ്നിദേവന്‍.
' താവകം പുത്രീയമിപ്പായസം കൈക്കൊള്‍ക നീ
ദേവനിര്‍മ്മിത'മെന്നു പറഞ്ഞു പാവകനും 550
ഭൂപതിപ്രവരനു കൊടുത്തു മറഞ്ഞിതു;
താപസാജ്ഞയാ പരിഗ്രഹിച്ചു നൃപതിയും.
ദക്ഷിണചെയ്തു സമസ്കരിച്ചു ഭക്തിപൂര്‍വം
ദക്ഷനാം ദശരഥന്‍ തല്‍ക്ഷണം പ്രീതിയോടെ
കൗസല്യാദേവിക്കര്‍ദ്ധം കൊടുത്തു നൃപവരന്‍
ശൈഥില്യാത്മനാപാതി നല്‍കിനാന്‍ കൈകേയിക്കും.
അന്നേരം സുമിത്രയ്ക്കു കൗസല്യാദേവിതാനും
തന്നുടെ പാതി കൊടുത്തീടിനാള്‍ മടിയാതെ.
എന്നതു കണ്ടു പാതി കൊടുത്തു കൈകേയിയും
മന്നവനതുകണ്ടു സന്തോഷംപൂണ്ടാനേറ്റം. 560
തല്‍പ്രജകള്‍ക്കു പരമാനന്ദംവരുമാറു
ഗര്‍ഭവും ധരിച്ചിതു മൂവരുമതുകാലം
അപ്പൊഴേ തുടങ്ങി ക്ഷോണീന്ദ്രനാം ദശരഥന്‍
വിപ്രേന്ദ്രന്മാരെയൊക്കെ വരുത്തിത്തുടങ്ങിനാന്‍
ഗര്‍ഭരക്ഷാര്‍ത്ഥം ജപഹോമാദി കര്‍മ്മങ്ങളു-
മുല്‍പലാക്ഷികള്‍ക്കനുവാസരം ക്രമത്താലെ
ഗര്‍ഭചിഹ്നങ്ങളെല്ലാം വര്‍ദ്ധിച്ചുവരുംതോറു-
മുള്‍പ്രേമം കൂടെക്കൂടെ വര്‍ദ്ധിച്ചു നൃപേന്ദ്രനും
തല്‍പ്രണയിനിമാര്‍ക്കുളളാഭരണങ്ങള്‍പോലെ
വിപ്രാദിപ്രജകള്‍ക്കും ഭൂമിക്കും ദേവകള്‍ക്കും 570
അല്‍പമായ്‌ ചമഞ്ഞിതു സന്താപം ദിനംതോറു-
മല്‍പഭാഷിണിമാര്‍ക്കും വര്‍ദ്ധിച്ചു തേജസ്സേറ്റം.
സീമന്തപുംസവനാദിക്രിയകളുംചെയ്തു
കാമാന്തം ദാനങ്ങളും ചെയ്തിതു നരവരന്‍...! 


ശ്രീരാമാവതാരം

ഗര്‍ഭവും പരിപൂര്‍ണ്ണമായ്‌ ചമഞ്ഞതുകാല-
മര്‍ഭകന്മാരും നാല്‍വര്‍ പിറന്നാരുടനുടന്‍
ഉച്ചത്തില്‍ പഞ്ചഗ്രഹം നില്‍ക്കുന്ന കാലത്തിങ്ക-
ലച്യുതനയോദ്ധ്യയില്‍ കൗസല്യാത്മജനായാന്‍.
നക്ഷത്രം പുനര്‍വസു നവമിയല്ലോ തിഥി
നക്ഷത്രാധിപനോടുകൂടവേ ബൃഹസ്പതി 580
കര്‍ക്കടകത്തിലത്യുച്ചസ്ഥിതനായിട്ടല്ലോ;
അര്‍ക്കനുമത്യുച്ചസ്ഥാനുദയം കര്‍ക്കടകം;
അര്‍ക്കജന്‍ തുലാത്തിലും, ഭാര്‍ഗ്ഗവന്‍ മീനത്തിലും,
വക്രനുമുച്ചസ്ഥനായ്‌ മകരംരാശിതന്നില്‍
നില്‍ക്കുമ്പോളവതരിച്ചീടിനാന്‍ ജഗന്നാഥന്‍
ദിക്കുകളൊക്കെ പ്രസാദിച്ചതു ദേവകളും.
പെറ്റിതു കൈകേയിയും പുഷ്യനക്ഷത്രംകൊണ്ടേ
പിറ്റേന്നാള്‍ സുമിത്രയും പെറ്റിതു പുത്രദ്വയം.
ഭഗവാന്‍ പരമാത്മാ മുകുന്ദന്‍ നാരായണന്‍
ജഗദീശ്വരന്‍ ജന്മരഹിതന്‍ പത്മേക്ഷണന്‍ 590
ഭുവനേശ്വരന്‍ വിഷ്ണുതന്നുടെ ചിഹ്നത്തോടു-
മവതാരംചെയ്തപ്പോള്‍ കാണായീ കൗസല്യയ്ക്കും
സഹസ്രകിരണന്മാരൊരുമിച്ചൊരുനേരം
സഹസ്രായുതമുദിച്ചുയരുന്നതുപോലെ
സഹസ്രപത്രോത്ഭവനാരദസനകാദി
സഹസ്രനേത്രമുഖവിബുധേന്ദ്രന്മാരാലും
വന്ദ്യമായിരിപ്പൊരു നിര്‍മ്മലമകുടവും
സുന്ദരചികരവുമളകസുഷമയും
കാരുണ്യാമൃതരസസംപൂര്‍ണ്ണനയനവു-
മാരുണ്യാംബരപരിശോഭിതജഘനവും 600
ശംഖചക്രാബ്ജഗദാശോഭിതഭുജങ്ങളും
ശംഖസന്നിഭഗളരാജിതകൗസ്തുഭവും
ഭക്തവാത്സല്യം ഭക്തന്മാര്‍ക്കു കണ്ടറിവാനായ്‌
വ്യക്തമായിരിപ്പൊരു പാവനശ്രീവത്സവും
കുണ്ഡലമുക്താഹാരകാഞ്ചീനൂപുരമുഖ-
മണ്ഡനങ്ങളുമിന്ദുമണ്ഡലവദനവും
പണ്ടു ലോകങ്ങളെല്ലാമകന്ന പാദാബ്ജവും
കണ്ടുകണ്ടുണ്ടായൊരു പരമാനന്ദത്തൊടും
മോക്ഷദനായ ജഗത്സാക്ഷിയാം പരമാത്മാ
സാക്ഷാല്‍ ശ്രീനാരാണന്‍താനിതെന്നറിഞ്ഞപ്പോള്‍ 610
സുന്ദരഗാത്രിയായ കൗസല്യാദേവിതാനും
വന്ദിച്ചു തെരുതെരെ സ്തുതിച്ചുതുടങ്ങിനാള്‍.


കൗസല്യാസ്തുതി

" നമസ്തേ ദേവദേവ! ശംഖചക്രാബ്ജധര!
നമസ്തേ വാസുദേവ! മധുസൂദന! ഹരേ!
നമസ്തേ നാരായണ! നമസ്തേ നരകാരേ!
സമസ്തേശ്വര! ശൗരേ! നമസ്തേ ജഗല്‍പതേ!
നിന്തിരുവടി മായാദേവിയെക്കൊണ്ടു വിശ്വം
സന്തതം സൃഷ്ടിച്ചു രക്ഷിച്ചു സംഹരിക്കുന്നു.
സത്വാദിഗുണത്രയമാശ്രയിച്ചെന്തിന്നിതെ-
ന്നുത്തമന്മാര്‍ക്കുപോലുമറിവാന്‍ വേലയത്രേ. 620
പരമന്‍ പരാപരന്‍ പരബ്രഹ്‌മാഖ്യന്‍ പരന്‍
പരമാത്മാവു പരന്‍പുരുഷന്‍ പരിപൂര്‍ണ്ണന്‍
അച്യുതനന്തനവ്യക്തനവ്യയനേകന്‍
നിശ്ചലന്‍ നിരുപമന്‍ നിര്‍വാണപ്രദന്‍ നിത്യന്‍
നിര്‍മ്മലന്‍ നിരാമയന്‍ നിര്‍വികാരാത്മാ ദേവന്‍
നിര്‍മ്മമന്‍ നിരാകുലന്‍ നിരഹങ്കാരമൂര്‍ത്തി
നിഷ്കളന്‍ നിരഞ്ജനന്‍ നീതിമാന്‍ നിഷ്കല്‍മഷന്‍
നിര്‍ഗ്ഗുണന്‍ നിഗമാന്തവാക്യാര്‍ത്ഥവേദ്യന്‍ നാഥന്‍
നിഷ്ക്രിയന്‍ നിരാകാരന്‍ നിര്‍ജ്ജരനിഷേവിതന്‍
നിഷ്കാമന്‍ നിയമിനാം ഹൃദയനിലയനന്‍ 630
അദ്വയനജനമൃതാനന്ദന്‍ നാരായണന്‍
വിദ്വന്മാനസപത്മമധുപന്‍ മധുവൈരി
സത്യജ്ഞാനാത്നാ സമസ്തേശ്വരന്‍ സനാതനന്‍
സത്വസഞ്ചയജീവന്‍ സനകാദിഭിസ്സേവ്യന്‍
തത്വാര്‍ത്ഥബോധരൂപന്‍ സകലജഗന്മയന്‍
സത്താമാത്രകനല്ലോ നിന്തിരുവടി നൂനം.
നിന്തിരുവടിയുടെ ജഠരത്തിങ്കല്‍ നിത്യ-
മന്തമില്ലാതോളം ബ്രഹ്‌മാണ്ഡങ്ങള്‍ കിടക്കുന്നു.
അങ്ങനെയുളള ഭവാനെന്നുടെ ജഠരത്തി-
ലിങ്ങനെ വസിപ്പതിനെന്തു കാരണം പോറ്റീ! 640
ഭക്തന്മാര്‍വിഷയമായുളെളാരു പാരവശ്യം
വ്യക്തമായ്ക്കാണായ്‌വന്നു മുഗ്ദ്ധയാമെനിക്കിപ്പോള്‍.
ഭര്‍ത്തൃപുത്രാര്‍ത്ഥാകുലസംസാരദുഃഖാംബുധൗ
നിത്യവും നിമഗ്നയായത്യര്‍ത്ഥം ഭ്രമിക്കുന്നേന്‍.
നിന്നുടെ മഹാമായതന്നുടെ ബലത്തിനാ-
ലിന്നു നിന്‍ പാദാംഭോജം കാണ്മാനും യോഗം വന്നു.
ത്വല്‍ക്കാരുണ്യത്താല്‍ നിത്യമുള്‍ക്കാമ്പില്‍ വസിക്കേണ-
മിക്കാണാകിയ രൂപം ദുഷ്കൃതമൊടുങ്ങുവാന്‍.
വിശ്വമോഹിനിയായ നിന്നുടെ മഹാമായ
വിശ്വേശ! മോഹിപ്പിച്ചീടായ്ക മാം ലക്ഷ്മീപതേ! 650
കേവലമലൗകികം വൈഷ്ണവമായ രൂപം
ദേവേശ! മറയ്ക്കേണം മറ്റുളേളാര്‍ കാണുംമുമ്പേ.
ലാളനാശ്ലേഷാദ്യനുരൂപമായിരിപ്പോരു
ബാലഭാവത്തെ മമ കാട്ടേണം ദയാനിധേ!
പുത്രവാത്സല്യവ്യാജമായൊരു പരിചര-
ണത്താലേ കടക്കേണം ദുഃഖസംസാരാര്‍ണ്ണവം."
ഭക്തിപൂണ്ടിത്ഥം വീണുവണങ്ങിസ്തുതിച്ചപ്പോള്‍
ഭക്തവത്സലന്‍ പുരുഷോത്തമനരുള്‍ചെയ്തു ഃ



" മാതാവേ! ഭവതിക്കെന്തിഷ്ടമാകുന്നതെന്നാ-
ലേതുമന്തരമില്ല ചിന്തിച്ചവണ്ണം വരും. 660
ദുര്‍മ്മദം വളര്‍ന്നോരു രാവണന്‍തന്നെക്കൊന്നു
സമ്മോദം ലോകങ്ങള്‍ക്കു വരുത്തിക്കൊള്‍വാന്‍ മുന്നം
ബ്രഹ്‌മശങ്കരപ്രമുഖാമരപ്രവരന്മാര്‍
നിര്‍മ്മലപദങ്ങളാല്‍ സ്തുതിച്ചു സേവിക്കയാല്‍
മാനവവംശത്തിങ്കല്‍ നിങ്ങള്‍ക്കു തനയനായ്‌
മാനുഷവേഷം പൂണ്ടു ഭൂമിയില്‍ പിറന്നു ഞാന്‍.
പുത്രനായ്‌ പിറക്കണം ഞാന്‍തന്നെ നിങ്ങള്‍ക്കെന്നു
ചിത്തത്തില്‍ നിരൂപിച്ചു സേവിച്ചു ചിരകാലം
പൂര്‍വജന്മനി പുനരതുകാരണമിപ്പോ-
ളേവംഭൂതകമായ വേഷത്തെക്കാട്ടിത്തന്നു. 670
ദുര്‍ല്ലഭം മദ്ദര്‍ശനം മോക്ഷത്തിനായിട്ടുളേളാ,-
ന്നില്ലല്ലോ പിന്നെയൊരു ജന്മസംസാരദുഃഖം.
എന്നുടെ രൂപമിദം നിത്യവും ധ്യാനിച്ചുകൊള്‍-
കെന്നാല്‍ വന്നീടും മോക്ഷ,മില്ല സംശയമേതും.
യാതൊരു മര്‍ത്ത്യനിഹ നമ്മിലേ സംവാദമി-
താദരാല്‍ പഠിക്കതാന്‍ കേള്‍ക്കതാന്‍ ചെയ്യുന്നതും
സാധിക്കുമവനു സാരൂപ്യമെന്നറിഞ്ഞാലും;
ചേതസി മരിക്കുമ്പോള്‍ മല്‍സ്മരണയുമുണ്ടാം."

ഇത്തരമരുള്‍ചെയ്തു ബാലഭാവത്തെപ്പൂണ്ടു
സത്വരം കാലും കൈയും കുടഞ്ഞു കരയുന്നോന്‍ 680
ഇന്ദ്രനീലാഭപൂണ്ട സുന്ദരരൂപനര-
വിന്ദലോചനന്‍ മുകുന്ദന്‍ പരമാനന്ദാത്മാ
ചന്ദ്രചൂഡാരവിന്ദമന്ദിരവൃന്ദാരക-
വൃന്ദവന്ദിതന്‍ ഭൂവി വന്നവതാരംചെയ്താന്‍.
നന്ദനനുണ്ടായിതെന്നാശു കേട്ടൊരു പങ്ക്തി-
സ്യന്ദനനഥ പരമാനന്ദാകുലനായാന്‍
പുത്രജന്മത്തെച്ചൊന്ന ഭൃത്യവര്‍ഗ്ഗത്തിനെല്ലാം
വസ്‌ത്രഭൂഷണാദ്യഖിലാര്‍ത്ഥദാനങ്ങള്‍ചെയ്താന്‍.
പുത്രവക്ത്രാബ്ജം കണ്ടു തുഷ്ടനായ്‌ പുറപ്പെട്ടു
ശുദ്ധനായ്‌ സ്നാനംചെയ്തു ഗുരുവിന്‍ നിയോഗത്താല്‍ 690
ജാതകകര്‍മ്മവുംചെയ്തു ദാനവുംചെയ്തു; പിന്നെ-
ജ്ജാതനായിതു കൈകേയീസുതന്‍ പിറ്റേന്നാളും.
സുമിത്രാപുത്രന്മാരായുണ്ടായിതിരുവരു-
മമിത്രാന്തകന്‍ ദശരഥനും യഥാവിധി
ചെയ്തിതു ജാതകര്‍മ്മം ബാലന്മാര്‍ക്കെല്ലാവര്‍ക്കും
പെയ്തിതു സന്തോഷംകൊണ്ടശ്രുക്കള്‍ ജനങ്ങള്‍ക്കും.
സ്വര്‍ണ്ണരത്നൗഘവസ്‌ത്രഗ്രാമാദിപദാര്‍ത്ഥങ്ങ-
ളെണ്ണമില്ലാതോളം ദാനംചെയ്തു ഭൂദേവാനാം
വിണ്ണവര്‍നാട്ടിലുമുണ്ടായിതു മഹോത്സവം
കണ്ണുകളായിരവും തെളിഞ്ഞു മഹേന്ദ്രനും. 700
സമസ്തലോകങ്ങളുമാത്മാവാമിവങ്കലേ
രമിച്ചീടുന്നു നിത്യമെന്നോര്‍ത്തു വസിഷ്ഠനും
ശ്യാമളനിറംപൂണ്ട കോമളകുമാരനു
രാമനെന്നൊരു തിരുനാമവുമിട്ടാനല്ലോ;
ഭരണനിപുണനാം കൈകേയീതനയനു
ഭരതനെന്നു നാമമരുളിച്ചെയ്തു മുനി;
ലക്ഷണാന്വിതനായ സുമിത്രാതനയനു
ലക്ഷ്മണനെന്നുതന്നെ നാമവുമരുള്‍ചെയ്തു;
ശത്രുവൃന്ദത്തെ ഹനിച്ചീടുകനിമിത്തമായ്‌
ശത്രുഘ്നനെന്നു സുമിത്രാത്മജാവരജനും 710
നാമധേയവും നാലുപുത്രര്‍ക്കും വിധിച്ചേവം
ഭൂമിപാലനും ഭാര്യമാരുമായാനന്ദിച്ചാന്‍.


സാമോദം ബാലക്രീഡാതല്‍പരന്മാരാംകാലം
രാമലക്ഷ്മണന്മാരും തമ്മിലൊന്നിച്ചു വാഴും
ഭരതശത്രുഘ്നന്മാരൊരുമിച്ചെല്ലാനാളും
മരുവീടുന്നു പായസാംശാനുസാരവശാല്‍
കോമളന്മാരായൊരു സോദരന്മാരുമായി
ശ്യാമണനിറംപൂണ്ട ലോകാഭിരാമദേവന്‍
കാരുണ്യാമൃതപൂര്‍ണ്ണാപാംഗവീക്ഷണം കൊണ്ടും
സാരസ്യാവ്യക്തവര്‍ണ്ണാലാപപീയൂഷം കൊണ്ടും 720
വിശ്വമോഹനമായ രൂപസൗന്ദര്യംകൊണ്ടും
നിശ്ശേഷാനന്ദപ്രദദേഹമാര്‍ദ്ദവംകൊണ്ടും
ബന്ധൂകദന്താംബരചുംബനരസംകൊണ്ടും
ബന്ധുരദന്താങ്കുരസ്പഷ്ടഹാസാഭകൊണ്ടും
ഭൂതലസ്ഥിതപാദാബ്ജദ്വയയാനംകൊണ്ടും
ചേതോമോഹനങ്ങളാം ചേഷ്ടിതങ്ങളെക്കൊണ്ടും
താതനുമമ്മമാര്‍ക്കും നഗരവാസികള്‍ക്കും
പ്രീതി നല്‍കിനാന്‍ സമസ്തേന്ദ്രിയങ്ങള്‍ക്കുമെല്ലാം.
ഫാലദേശാന്തേ സ്വര്‍ണ്ണാശ്വത്ഥപര്‍ണ്ണാകാരമായ്‌
മാലേയമണിഞ്ഞതില്‍ പേറ്റെടും കരളവും 730
അഞ്ജനമണിഞ്ഞതിമഞ്ജുളതരമായ
കഞ്ജനേത്രവും കടാക്ഷാവലോകനങ്ങളും
കര്‍ണ്ണാലങ്കാരമണികുണ്ഡലം മിന്നീടുന്ന
സ്വര്‍ണ്ണദര്‍പ്പണസമഗണ്ഡമണ്ഡങ്ങളും
ശാര്‍ദ്ദൂലനഖങ്ങളും വിദ്രുമമണികളും
ചേര്‍ത്തുടന്‍ കാര്‍ത്തസ്വരമണികള്‍ മദ്ധേമദ്ധ്യേ
കോര്‍ത്തു ചാര്‍ത്തീടുന്നൊരു കാണ്ഠകണ്ഡോദ്യോതവും
മുത്തുമാലകള്‍ വനമാലകളോടുംപൂണ്ട
വിസ്‌തൃതോരസി ചാര്‍ത്തും തുളസീമാല്യങ്ങളും
നിസ്തൂലപ്രഭവത്സലാഞ്ഞ്ഛനവിലാസവും 740
അംഗദങ്ങളും വലയങ്ങള്‍ കങ്കണങ്ങളും
അംഗുലീയങ്ങള്‍കൊണ്ടു ശോഭിച്ച കരങ്ങളും
കാഞ്ചനസദൃശപീതാംബരോപരി ചാര്‍ത്തും
കാഞ്ചികള്‍ നൂപുരങ്ങളെന്നിവ പലതരം
അലങ്കാരങ്ങള്‍പൂണ്ടു സോദരന്മാരോടുമൊ-
രലങ്കാരത്തെച്ചേര്‍ത്താന്‍ ഭൂമിദേവിക്കു നാഥന്‍.
ഭര്‍ത്താവിന്നധിവാസമുണ്ടായോരയോദ്ധ്യയില്‍
പൊല്‍ത്താര്‍മാനിനിതാനും കളിച്ചുവിളങ്ങിനാള്‍.
ഭൂതലത്തിങ്കലെല്ലാമന്നുതൊട്ടനുദിനം
ഭൂതിയും വര്‍ദ്ധിച്ചിതു ലോകവുമാനന്ദിച്ചു. 750


ബാല്യവും കൗമാരവും

ദമ്പതിമാരെബ്ബാല്യംകൊണ്ടേവം രഞ്ജിപ്പിച്ചു
സമ്പ്രതി കൗമാരവും സമ്പ്രാപിച്ചിതു മെല്ലെ.
വിധിനന്ദനനായ വസിഷ്ഠമഹാമുനി
വിധിപൂര്‍വകമുപനിച്ചിതു ബാലനമാരെ.
ശ്രുതികളോടു പുനരംഗങ്ങളുപാംഗങ്ങള്‍
സ്‌മൃതികളുപസ്‌മൃതികളുമശ്രമമെല്ലാം
പാഠമായതു പാര്‍ത്താലെന്തൊരത്ഭുത,മവ
പാടവമേറും നിജശ്വാസങ്ങള്‍തന്നെയല്ലോ.
സകലചരാചരഗുരുവായ്മരുവീടും
ഭഗവാന്‍ തനിക്കൊരു ഗുരുവായ്‌ ചമഞ്ഞീടും 760
സഹസ്രപത്രോത്ഭവപുത്രനാം വസിഷ്ഠന്റെ
മഹത്ത്വമേറും ഭാഗ്യമെന്തു ചൊല്ലാവതോര്‍ത്താല്‍!
ധനുവേദാംഭോനിധിപാരഗന്മാരായ്‌വന്നു
തനയന്മാരെന്നതു കണ്ടോരു ദശരഥന്‍
മനസി വളര്‍ന്നൊരു പരമാനന്ദംപൂണ്ടു
മുനിനായകനേയുമാനന്ദിപ്പിച്ചു നന്നായ്‌.
ആമോദം വളര്‍ന്നുളളില്‍ സേവ്യസേവകഭാവം
രാമലക്ഷ്മണന്മാരും കൈക്കൊണ്ടാ,രതുപോലെ
കോമളന്മാരായ്മേവും ഭരതശത്രുഘ്നന്മാര്‍
സ്വാമിഭൃത്യകഭാവം കൈക്കൊണ്ടാരനുദിനം. 770
രാഘവനതുകാലമേകദാ കൗതൂഹലാല്‍
വേഗമേറീടുന്നൊരു തുരഗരത്നമേറി
പ്രാണസമ്മിതനായ ലക്ഷ്മണനോടും ചേര്‍ന്നു
ബാണതൂണീരഖഡ്ഗാദ്യായുധങ്ങളുംപൂണ്ട്‌
കാനനദേശേ നടന്നീടിനാന്‍ നായാട്ടിനാ-
യ്ക്കാണായ ദുഷ്‌ടമൃഗസഞ്ചയം കൊലചെയ്താന്‍.
ഹരിണഹരികരികരടിഗിരികിരി
ഹരിശാര്‍ദ്ദൂലാദികളമിതവന്യമൃഗം
വധിച്ചു കൊണ്ടുവന്നു ജനകന്‍കാല്‍ക്കല്‍വച്ചു
വിധിച്ചവണ്ണം സമസ്കരിച്ചു വണങ്ങിനാന്‍. 780
നിത്യവുമുഷസ്യുഷസ്യുത്ഥായകുളിച്ചൂത്തു
ഭക്തികൈക്കൊണ്ടു സന്ധ്യാവന്ദനം ചെയ്തശേഷം
ജനകജനനിമാര്‍ചരണാംബുജം വന്ദി-
ച്ചനുജനോടു ചേര്‍ന്നു പൗരകാര്യങ്ങളെല്ലാം
ചിന്തിച്ചു ദണ്ഡനീതിനീങ്ങാതെ ലോകം തങ്കല്‍
സന്തതം രഞ്ജിപ്പിച്ചു ധര്‍മ്മപാലനംചെയ്തു
ബന്ധുക്കളോടും ഗുരുഭൂതന്മാരോടും ചേര്‍ന്നു
സന്തുഷ്ടാത്മനാ മൃഷ്ടഭോജനം കഴിച്ചഥ
ധര്‍മ്മശാസ്‌ത്രാദിപുരാണേതിഹാസങ്ങള്‍ കേട്ടു
നിര്‍മ്മലബ്രഹ്‌മാനന്ദലീനചേതസാ നിത്യം 790
പരമന്‍ പരാപരന്‍ പരബ്രഹ്‌മാഖ്യന്‍ പരന്‍
പുരുഷന്‍ പരമാത്മാ പരമാനന്ദമൂര്‍ത്തി
ഭൂമിയില്‍ മനുഷ്യനായവതാരംചെയ്തേവം
ഭൂമിപാലകവൃത്തി കൈക്കൊണ്ടു വാണീടിനാന്‍.
ചെതസാ വിചാരിച്ചുകാണ്‍കിലോ പരമാര്‍ത്ഥ-
മേതുമേ ചെയ്യുന്നോന,ല്ലില്ലല്ലോ വികാരവും
ചിന്തിക്കില്‍ പരിണാമമില്ലാതൊരാത്മാനന്ദ-
മെന്തൊരു മഹാമായാവൈഭവം ചിത്രം! ചിത്രം!


വിശ്വാമിത്രന്‍റെ യാഗരക് ഷ

അക്കാലം വിശ്വാമിത്രനാകിയ മുനികുല-
മുഖ്യനയോദ്ധ്യയ്ക്കാമ്മാറെഴുന്നള്ളീടിനാന്‍, 800
രാമനായവനിയില്‍ മായയാ ജനിച്ചൊരു
കോമളമായ രൂപം പൂണ്ടൊരു പരാത്മാനം
സത്യജ്ഞാനന്താനന്ദാമൃതം കണ്ടുകൊള്‍വാന്‍
ചിത്തത്തില്‍ നിറഞ്ഞാശു വഴിഞ്ഞ ഭക്തിയോടെ
കൌശികന്‍ തന്നെക്കണ്ടു ഭൂപതി ദശരഥ-
നാശു സംഭ്രമത്തോടും പ്രത്യുത്ഥാനവും ചെയ്തു,
വിധിനന്ദനനോടും ചെന്നെതിരേറ്റു യഥാ-
വിധി പൂജയും ചെയ്തു വന്ദിച്ചുനിന്നു ഭക്ത്യാ
സസ്മിതം മുനിവരന്‍ തന്നോടു ചൊല്ലീടിനാന്‍.
‘’അസ്മജ്ജന്മവുമിന്നു വന്നിതു സഫലമായ്
നിന്തിരുവടിയെഴുന്നള്ളിയതുമൂലം കൃതാര്‍-
ത്ഥാന്തരാത്മാനായിതു ഞാനിഹ തപോനിധേ
ഇങ്ങനെയുള്ള നിങ്ങളെഴുന്നള്ളീടും ദേശം
മംഗലമായ്‌വന്നാശു സമ്പത്തും താനെ വരും
എന്തെന്നു ചിന്തിച്ചെഴുന്നള്ളിയതെന്നുമിപ്പോള്‍
നിന്തിരുവടിയരുള്‍ചെയ്യേണം ദയാനിധേ!
എന്നാലാകുന്നതെല്ലാം ചെയ്‌വേന്‍ ഞാന്‍ മടിയാതെ
ചൊന്നാലും പരമാര്‍ത്ഥം താപസകുലപതേ!"
വിശ്വാമിത്രനും പ്രീതനായരുള്‍ചെയ്തീടിനാന്‍
വിശ്വാസത്തോടു ദശരഥനോടതുനേരം

" ഞാനമാവാസ്യതോറും പിതൃദേവാദികളെ
ധ്യാനിച്ചു ചെയ്തീടുന്ന ഹോമത്തെ മുടക്കുന്നോര്‍
മാരീചസുബാഹുമുഖ്യന്മാരാം നക്തഞ്ചര-
ന്മാരിരുവരുമനുചരന്മാരായുളേളാരും.
അവരെ നിഗ്രഹിച്ചു യാഗത്തെ രക്ഷിപ്പാനാ-
യവനീപതേ! രാമദേവനെയയയ്ക്കേണം.

പുഷ്കരോത്ഭവപുത്രന്‍തന്നോടു നിരൂപിച്ചു
ലക്ഷ്മണനേയുംകൂടെ നല്‍കേണം മടിയാതെ.
നല്ലതു വന്നീടുക നിനക്കു മഹീപതേ!
കല്യാണമതേ! കരുണാനിധേ! നരപതേ!"

ചിന്താചഞ്ചലനായ പങ്ക്തിസ്യന്ദനനൃപന്‍
മന്ത്രിച്ചു ഗുരുവിനോടേകാന്തേ ചൊല്ലീടിനാന്‍
" എന്തു ചൊല്‍വതു ഗുരോ! നന്ദനന്‍തന്നെ മമ
സന്ത്യജിച്ചീടുവതിനില്ലല്ലോ ശക്തിയൊട്ടും
എത്രയും കൊതിച്ച കാലത്തിങ്കല്‍ ദൈവവശാല്‍
സിദ്ധിച്ച തനയനാം രാമനെപ്പിരിയുമ്പോള്‍
നിര്‍ണ്ണയം മരിക്കും ഞാന്‍ രാമനെ നല്‍കീടാഞ്ഞാ-
ലന്വയനാശംകൂടെ വരുത്തും വിശ്വാമിത്രന്‍.
എന്തോന്നു നല്ലതിപ്പോളെന്നു നിന്തിരുവടി
ചിന്തിച്ചു തിരിച്ചരുളിച്ചെയ്തീടുകവേണം."


" എങ്കിലോ ദേവഗുഹ്യം കേട്ടാലുമതിഗോപ്യം
സങ്കടമുണ്ടാകേണ്ട സന്തതം ധരാപതേ!
മാനുഷനല്ല രാമന്‍ മാനവശിഖാമണേ!
മാനമില്ലാത പരമാത്മാവു സദാനന്ദന്‍
പത്മസംഭവന്‍ മുന്നം പ്രാര്‍ത്ഥിക്കമൂലമായി
പത്മലോചനന്‍ ഭൂമീഭാരത്തെക്കളവാനായ്‌
നിന്നുടെ തനയനായ്ക്കൗസല്യാദേവിതന്നില്‍
വന്നവതരിച്ചിതു വൈകുണ്ഠന്‍ നാരായണന്‍.
നിന്നുടെ പൂര്‍വജന്മം ചൊല്ലുവന്‍ ദശരഥ!
മുന്നം നീ ബ്രഹ്‌മാത്മജന്‍ കശ്യപപ്രജാപതി 850
നിന്നുടെ പത്നിയാകുമദിതി കൗസല്യ കേ-
ളെന്നിരുവരുംകൂടിസ്സന്തതിയുണ്ടാവാനായ്‌
ബഹുവത്സരമുഗ്രം തപസ്സുചെയ്തു നിങ്ങള്‍
മുഹുരാത്മനി വിഷ്ണുപൂജാധ്യാനാദിയോടും.
ഭക്തവത്സലന്‍ ദേവന്‍ വരദന്‍ ഭഗവാനും
പ്രത്യക്ഷീകരിച്ചു 'നീ വാങ്ങിക്കൊള്‍ വര'മെന്നാന്‍.
' പുത്രനായ്പിറക്കേണമെനിക്കു ഭവാ'നെന്നു
സത്വരമപേക്ഷിച്ചകാരണമിന്നു നാഥന്‍
പുത്രനായ്പിറന്നതു രാമനെന്നറിഞ്ഞാലും;
പൃത്ഥ്വീന്ദ്ര! ശേഷന്‍തന്നെ ലക്ഷ്മണനാകുന്നതും. 860
ശംഖചക്രങ്ങളല്ലോ ഭരതശത്രുഘ്നന്മാര്‍
ശങ്കകൈവിട്ടു കേട്ടുകൊണ്ടാലുമിനിയും നീ.
യോഗമായാദേവിയും സീതയായ്‌ മിഥിലയില്‍
യാഗവേലായാമയോനിജയായുണ്ടായ്‌വന്നു.
ആഗതനായാന്‍ വിശ്വാമിത്രനുമവര്‍തമ്മില്‍
യോഗംകൂട്ടീടുവതിനെന്നറിഞ്ഞീടണം നീ.
എത്രയും ഗുഹ്യമിതു വക്തവ്യമല്ലതാനും
പുത്രനെക്കൂടെയയച്ചീടുക മടിയാതെ."
സന്തുഷ്ടനായ ദശരഥനും കൗശികനെ
വന്ദിച്ചു യഥാവിധി പൂജിച്ചു ഭക്തിപൂര്‍വം 870
' രാമലക്ഷ്മണന്മാരെക്കൊണ്ടുപൊയ്ക്കൊണ്ടാലു'മെ-
ന്നാമോദം പൂണ്ടു നല്‍കി ഭൂപതിപുത്രന്മാരെ.
' വരിക രാമ! രാമ! ലക്ഷ്മണാ! വരിക'യെ-
ന്നരികേ ചേര്‍ത്തു മാറിലണച്ചു ഗാഢം ഗാഢം
പുണര്‍ന്നുപുണര്‍ന്നുടന്‍ നുകര്‍ന്നു ശിരസ്സിങ്കല്‍
' ഗുണങ്ങള്‍ വരുവാനായ്പോവിനെന്നുരചെയ്താന്‍.
ജനകജനനിമാര്‍ചരണാംബുജം കൂപ്പി
മുനിനായകന്‍ ഗുരുപാദവും വന്ദിച്ചുടന്‍
വിശ്വാമിത്രനെച്ചെന്നു വന്ദിച്ചു കുമാരന്മാര്‍,
വിശ്വരക്ഷാര്‍ത്ഥം പരിഗ്രഹിച്ചു മുനീന്ദ്രനും. 880
ചാപതൂണീരബാണഖഡ്ഗപാണികളായ
ഭൂപതികുമാരന്മാരോടും കൗശികമുനി
യാത്രയുമയപ്പിച്ചാശീര്‍വാദങ്ങളും ചൊല്ലി
തീര്‍ത്ഥപാദന്മാരോടും നടന്നു വിശ്വാമിത്രന്‍.
മന്ദം പോയ്‌ ചില ദേശം കടന്നോരനന്തരം
മന്ദഹാസവും ചെയ്തിട്ടരുളിച്ചെയ്തു മുനിഃ
" രാമ! രാഘവ! രാമ! ലക്ഷ്മണകുമാര! കേള്‍
കോമളന്മാരായുളള ബാലന്മാരല്ലോ നിങ്ങള്‍.
ദാഹമെന്തെന്നും വിശപ്പെന്തെന്നുമറിയാത
ദേഹങ്ങളല്ലോ മുന്നം നിങ്ങള്‍ക്കെന്നതുമൂലം 890
ദാഹവും വിശപ്പുമുണ്ടാകാതെയിരിപ്പാനായ്‌
മാഹാത്മ്യമേറുന്നോരു വിദ്യകളിവ രണ്ടും
ബാലകന്മാരേ! നിങ്ങള്‍ പഠിച്ചു ജപിച്ചാലും
ബലയും പുനരതിബലയും മടിയാതെ.
ദേവനിര്‍മ്മിതകളീ വിദ്യക"ളെന്നു രാമ-
ദേവനുമനുജനുമുപദേശിച്ചു മുനി.
ക്ഷുല്‍പിപാസാദികളും തീര്‍ന്ന ബാലന്മാരുമാ-
യപ്പോഴേ ഗംഗ കടന്നീടിനാന്‍ വിശ്വാമിത്രന്‍.


താടകാവധ ം

താടകാവനം പ്രാപിച്ചീടിനോരനന്തരം
ഗൂഢസ്മേരവും പൂണ്ടു പറഞ്ഞു വിശ്വാമിത്രന്‍ഃ 900
" രാഘവ! സത്യപരാക്രമവാരിധേ! രാമ!
പോകുമാറില്ലീവഴിയാരുമേയിതുകാലം.
കാടിതു കണ്ടായോ നീ? കാമരൂപിണിയായ
താടക ഭയങ്കരി വാണിടും ദേശമല്ലൊ.
അവളെപ്പേടിച്ചാരും നേര്‍വഴി നടപ്പീല
ഭൂവനവാസിജനം ഭൂവനേശ്വര! പോറ്റീ!
കൊല്ലണമവളെ നീ വല്ലജാതിയുമതി-
നില്ലൊരു ദോഷ"മെന്നു മാമുനി പറഞ്ഞപ്പോള്‍
മെല്ലവേയൊന്നു ചെറുഞ്ഞാണൊലിചെയ്തു രാമ,-
നെല്ലാലോകവുമൊന്നു വിറച്ചിതതുനേരം. 910
ചെറുഞ്ഞാണൊലി കേട്ടു കോപിച്ചു നിശാചരി
പെരികെ വേഗത്തോടുമടുത്തു ഭക്ഷിപ്പാനായ്‌.
അന്നേരമൊരു ശരമയച്ചു രാഘവനും
ചെന്നു താടകാമാറില്‍ കൊണ്ടിതു രാമബാണം.
പാരതില്‍ മല ചിറകറ്റുവീണതുപോലെ
ഘോരരൂപിണിയായ താടക വീണാളല്ലോ.
സ്വര്‍ണ്ണരത്നാഭരണഭൂഷിതഗാത്രിയായി
സുന്ദരിയായ യക്ഷിതന്നെയും കാണായ്‌വന്നു.
ശാപത്താല്‍ നക്തഞ്ചരിയായോരു യക്ഷിതാനും
പ്രാപിച്ചു ദേവലോകം രാമദേവാനുജ്ഞയാ. 920
കൗശികമുനീന്ദ്രനും ദിവ്യാസ്‌ത്രങ്ങളെയെല്ലാ-
മാശു രാഘവനുമുപദേശിച്ചു സലക്ഷ്മണം.
നിര്‍മ്മലന്മാരാം കുമാരന്മാരും മുനീന്ദ്രനും
രമ്യകാനനേ തത്ര വസിച്ചു കാമാശ്രമേ.
രാത്രിയും പിന്നിട്ടവര്‍ സന്ധ്യാവന്ദനംചെയ്തു
യാത്രയും തുടങ്ങിനാരാസ്ഥയാ പുലര്‍കാലേ.
പുക്കിതു സിദ്ധാശ്രമം വിശ്വാമിത്രനും മുനി-
മുഖ്യന്മാരെതിരേറ്റു വന്ദിച്ചാരതുനേരം.
രാമലക്ഷ്മണന്മാരും വന്ദിച്ചു മുനികളെ
പ്രേമമുള്‍ക്കൊണ്ടു മുനിമാരും സല്‍ക്കാരംചെയ്താര്‍. 930
വിശ്രമിച്ചനന്തരം രാഘവന്‍തിരുവടി
വിശ്വാമിത്രനെ നോക്കി പ്രീതിപൂണ്ടരുള്‍ചെയ്തുഃ
" താപസോത്തമ, ഭവാന്‍ ദീക്ഷിക്ക യാഗമിനി
താപംകൂടാതെ രക്ഷിച്ചീടുവനേതുചെയ്തും.
ദുഷ്ടരാം നിശാചരേന്ദ്രന്മാരെക്കാട്ടിത്തന്നാല്‍
നഷ്ടമാക്കുവന്‍ ബാണംകൊണ്ടു ഞാന്‍ തപോനിധേ!"
യാഗവും ദീക്ഷിച്ചിതു കൗശികനതുകാല-
മാഗമിച്ചിതു നക്തഞ്ചരന്മാര്‍ പടയോടും.
മദ്ധ്യാഹ്നകാലേ മേല്‍ഭാഗത്തിങ്കല്‍നിന്നുമത്ര
രക്തവൃഷ്ടിയും തുടങ്ങീടിനാരതുനേരം. 940
പാരാതെ രണ്ടു ശരം തൊടുത്തു രാമദേവന്‍
മാരീചസുബാഹുവീരന്മാരെ പ്രയോഗിച്ചാന്‍.
കോന്നിതു സുബാഹുവാമവനെയൊരു ശര-
മന്നേരം മാരീചനും ഭീതിപൂണ്ടോടീടിനാന്‍.
ചെന്നിതു രാമബാണം പിന്നാലെ കൂടെക്കൂടെ
ഖിന്നനായേറിയൊരു യോജന പാഞ്ഞാനവന്‍.
അര്‍ണ്ണവംതന്നില്‍ ചെന്നു വീണിതു, രാമബാണ-
മന്നേരമവിടെയും ചെന്നിതു ദഹിപ്പാനായ്‌.
പിന്നെ മേറ്റ്ങ്ങുമൊരു ശരണമില്ലാഞ്ഞവ-
നെന്നെ രക്ഷിക്കേണമെന്നഭയം പുക്കീടിനാന്‍. 950


ഭക്തവത്സലനഭയംകൊടുത്തതുമൂലം
ഭക്തനായ്‌വന്നാനന്നുതുടങ്ങി മാരീചനും.
പറ്റലര്‍കുലകാലനാകിയ സൗമിത്രിയും
മറ്റുളള പടയെല്ലാം കോന്നിതു ശരങ്ങളാല്‍.
ദേവകള്‍ പുഷ്പവൃഷ്ടിചെയ്തിതു സന്തോഷത്താല്‍
ദേവദുന്ദുഭികളും ഘോഷിച്ചിതതുനേരം.
യക്ഷകിന്നരസിദ്ധചാരണഗന്ധര്‍വന്‍മാര്‍
തല്‍ക്ഷണേ കൂപ്പി സ്തുതിച്ചേറ്റവുമാനന്ദിച്ചാര്‍.
വിശ്വാമിത്രനും പരമാനന്ദംപൂണ്ടു പുണര്‍-
ന്നശ്രുപൂര്‍ണ്ണാര്‍ദ്രാകുലനേത്രപത്മങ്ങളോടും 960
ഉത്സംഗേ ചേര്‍ത്തു പരമാശീര്‍വാദവുംചെയ്തു
വത്സന്മാരെയും ഭുജിപ്പിച്ചിതു വാത്സല്യത്താല്‍.
ഇരുന്നു മൂന്നുദിനമോരോരോ പുരാണങ്ങള്‍
പറഞ്ഞു രസിപ്പിച്ചു കൗശികനവരുമായ്‌.
അരുള്‍ചെയ്തിതു നാലാംദിവസം പിന്നെ മുനിഃ
" അരുതു വൃഥാ കാലം കളകെന്നുളളതേതും.
ജനകമഹീപതിതന്നുടെ മഹായജ്ഞ-
മിനി വൈകാതെ കാണ്മാന്‍ പോക നാം വത്സന്മാരേ!
ചൊല്ലെഴും ത്രൈയംബകമാകിന മാഹേശ്വര-
വില്ലുണ്ടു വിദേഹരാജ്യത്തിങ്കലിരിക്കുന്നു. 970
ശ്രീമഹാദേവന്‍തന്നെ വച്ചിരിക്കുന്നു പുരാ
ഭൂമിപാലേന്ദ്രന്മാരാലര്‍ച്ചിതമനുദിനം
ക്ഷോണിപാലേന്ദ്രകുലജാതനാകിയ ഭവാന്‍
കാണണം മഹാസത്വമാകിയ ധനൂരത്നം."
താപസേന്ദ്രന്മാരോടുമീവണ്ണമരുള്‍ചെയ്തു
ഭൂപതിബാലന്മാരും കൂടെപ്പോയ്‌ വിശ്വാമിത്രന്‍
പ്രാപിച്ചു ഗംഗാതീരം ഗൗതമാശ്രമം തത്ര
ശോഭപൂണ്ടൊരു പുണ്യദേശമാനന്ദപ്രദം
ദിവ്യപാദപലതാകുസുമഫലങ്ങളാല്‍
സര്‍വമോഹനകരം ജന്തുസഞ്ചയഹീനം
കണ്ടു കൗതുകംപൂണ്ടു വിശ്വാമിത്രനെ നോക്കി- 980
പ്പുണ്ഡരീകേക്ഷണനുമീവണ്ണമരുള്‍ചെയ്തുഃ
" ആശ്രമപദമിദമാര്‍ക്കുളള മനോഹര-
മാശ്രയയോഗ്യം നാനാജന്തുസംവീതംതാനും
എത്രയുമാഹ്ലാദമുണ്ടായിതു മനസി മേ
തത്ത്വമെന്തെന്നതരുള്‍ചെയ്യേണം താപോനിധേ!"


അഹല്യാമോക്ഷ ം

എന്നതുകേട്ടു വിശ്വാമിത്രനുമുരചെയ്തു
പന്നഗശായി പരന്‍തന്നോടു പരമാര്‍ത്ഥംഃ
" കേട്ടാലും പുരാവൃത്തമെങ്കിലോ കുമാര! നീ
വാട്ടമില്ലാത തപസ്സുളള ഗൗതമമുനി 990
ഗംഗാരോധസി നല്ലോരാശ്രമത്തിങ്കലത്ര
മംഗലം വര്‍ദ്ധിച്ചീടും തപസാ വാഴുംകാലം
ലോകേശന്‍ നിജസുതയായുളേളാരഹല്യയാം
ലോകസുന്ദരിയായി ദിവ്യകന്യകാരത്നം
ഗൗതമമുനീന്ദ്രനു കൊടുത്തു വിധാതാവും;
കൗതുകംപൂണ്ടു ഭാര്യാഭര്‍ത്താക്കന്മാരായവര്‍.
ഭര്‍ത്തൃശുശ്രൂഷാബ്രഹ്‌മചര്യാദിഗുണങ്ങള്‍ ക-
ണ്ടെത്രയും പ്രസാദിച്ചു ഗൗതമമുനീന്ദ്രനും
തന്നുടെ പത്നിയായോരഹല്യയോടും ചേര്‍ന്നു
പര്‍ണ്ണശാലയിലത്ര വസിച്ചു ചിരകാലം. 1000
വിശ്വമോഹിനിയായോരഹല്യാരൂപം കണ്ടു
ദുശ്ച്യവനനും കുസുമായുധവശനായാന്‍.
ചെന്തൊണ്ടിവായ്മലരും പന്തൊക്കും മുലകളും
ചന്തമേറീടും തുടക്കാമ്പുമാസ്വദിപ്പതി-
നെന്തൊരു കഴിവെന്നു ചിന്തിച്ചൂ ശതമഖന്‍
ചെന്താര്‍ബാണാര്‍ത്തികൊണ്ടു സന്താപം മുഴുക്കയാല്‍
സന്തതം മനക്കാമ്പില്‍ സുന്ദരഗാത്രീരൂപം
ചിന്തിച്ചുചിന്തിച്ചനംഗാന്ധനായ്‌ വന്നാനല്ലോ.
അന്തരാത്മനി വിബുധേന്ദ്രനുമതിനിപ്പോ-
ളന്തരം വരാതെയൊരന്തരമെന്തെന്നോര്‍ത്തു 1010
ലോകേശാത്മജസുതനന്ദനനുടെ രൂപം
നാകനായകന്‍ കൈക്കൊണ്ടന്ത്യയാമാദിയിങ്കല്‍
സന്ധ്യാവന്ദനത്തിനു ഗൗതമന്‍ പോയനേര-
മന്തരാ പുക്കാനുടജാന്തരേ പരവശാല്‍.
സുത്രാമാവഹല്യയെ പ്രാപിച്ചു സസംഭ്രമം
സത്വരം പുറപ്പെട്ടനേരത്തു ഗൗതമനും
മിത്രന്‍തന്നുദയമൊട്ടടുത്തീലെന്നു കണ്ടു
ബദ്ധസന്ദേഹം ചെന്നനേരത്തു കാണായ്‌വന്നു
വൃത്രാരാതിക്കു മുനിശ്രേഷ്‌ഠനെ ബലാലപ്പോള്‍
വിത്രസ്തനായെത്രയും വേപഥു പൂണ്ടു നിന്നാന്‍. 1020


തന്നുടെ രൂപം പരിഗ്രഹിച്ചു വരുന്നവന്‍-
തന്നെക്കണ്ടതികോപം കൈക്കൊണ്ടു മുനീന്ദ്രനും
' നില്ലുനില്ലാരാകുന്നതെന്തിതു ദുഷ്ടാത്മാവേ!
ചൊല്ലുചൊല്ലെന്നോടു നീയെല്ലാമേ പരമാര്‍ത്ഥം.
വല്ലാതെ മമ രൂപം കൈക്കൊള്‍വാനെന്തു മൂലം?
നിര്‍ല്ലജ്ജനായ ഭവാനേതൊരു മഹാപാപി?
സത്യമെന്നോടു ചൊല്ലീടറിഞ്ഞേനല്ലോ തവ
വൃത്താന്തം പറയായ്‌കില്‍ ഭസ്മമാക്കുവേനിപ്പോള്‍."
ചൊല്ലിനാനതുനേരം താപസേന്ദ്രനെ നോക്കി
' സ്വര്‍ല്ലോകാധിപനായ കാമകിങ്കരനഹം 1030
വല്ലായ്‌മയെല്ലാമകപ്പെട്ടിതു മൂഢത്വംകൊ-
ണ്ടെല്ലാം നിന്തിരുവടി പൊറുത്തുകൊളേളണമേ!'
' സഹസ്രഭഗനായി ബ്‌ഭവിക്ക ഭവാനിനി-
സ്സഹിച്ചീടുക ചെയ്ത ദുഷ്‌കര്‍മ്മഫലമെല്ലാം.'
തപസ്വീശ്വരനായ ഗൗതമന്‍ ദേവേന്ദ്രനെ-
ശ്ശപിച്ചാശ്രമമകംപുക്കപ്പോളഹല്യയും
വേപഥുപൂണ്ടു നില്‌ക്കുന്നതുകണ്ടരുള്‍ചെയ്തു
താപസോത്തമനായ ഗൗതമന്‍ കോപത്തോടെഃ
' കഷ്ടമെത്രയും തവ ദുര്‍വൃത്തം ദുരാചാരേ!
ദുഷ്ടമാനസേ! തവ സാമര്‍ത്ഥ്യം നന്നു പാരം. 1040
ദുഷ്‌കൃതമൊടുങ്ങുവാനിതിന്നു ചൊല്ലീടുവന്‍
നിഷ്‌കൃതിയായുളെളാരു ദുര്‍ദ്ധരമഹാവ്രതം.
കാമകിങ്കരേ! ശിലാരൂപവും കൈക്കൊണ്ടു നീ
രാമപാദാബ്‌ജം ധ്യാനിച്ചിവിടെ വസിക്കേണം.
നീഹാരാതപവായുവര്‍ഷാദികളും സഹി-
ച്ചാഹാരാദികളേതുംകൂടാതെ ദിവാരാത്രം.
നാനാജന്തുക്കളൊന്നുമിവിടെയുണ്ടായ്‌ വരാ
കാനനദേശേ മദീയാശ്രമേ മനോഹരേ.
ഇങ്ങനെ പല ദിവ്യവത്സരം കഴിയുമ്പോ-
ളിങ്ങെഴുന്നളളും രാമദേവനുമനുജനും. 1050
ശ്രീരാമപാദാംഭോജസ്പര്‍ശമുണ്ടായീടുന്നാള്‍
തീരും നിന്‍ ദുരിതങ്ങളെല്ലാമെന്നറിഞ്ഞാലും.
പിന്നെ നീ ഭക്തിയോടെ പൂജിച്ചു വഴിപോലെ
നന്നായി പ്രദക്ഷിണംചെയ്തു കുമ്പിട്ടു കൂപ്പി
നാഥനെ സ്തുതിക്കുമ്പോള്‍ ശാപമോക്ഷവും വന്നു
പൂതമാനസയായാലെന്നെയും ശുശ്രൂഷിക്കാം.'
എന്നരുള്‍ചെയ്തു മുനി ഹിമവല്‍പാര്‍ശ്വം പുക്കാ-
നന്നുതൊട്ടിവിടെ വാണീടിനാളഹല്യയും.
നിന്തിരുമലരടിച്ചെന്തളിര്‍പ്പൊടിയേല്‍പാ-
നെന്തൊരു കഴിവെന്നു ചിന്തിച്ചുചിന്തിച്ചുളളില്‍. 1060
സന്താപം പൂണ്ടുകൊണ്ടു സന്തതം വസിക്കുന്നു
സന്തോഷസന്താനസന്താനമേ ചിന്താമണേ!
ആരാലും കണ്ടുകൂടാതൊരു പാഷാണാംഗിയായ്‌
ഘോരമാം തപസ്സോടുമിവിടെ വസിക്കുന്ന
ബ്രഹ്‌മനന്ദനയായ ഗൗതമപത്നിയുടെ
കല്‍മഷമശേഷവും നിന്നുടെ പാദങ്ങളാല്‍
ഉന്മൂലനാശംവരുത്തീടണമിന്നുതന്നെ
നിര്‍മ്മലയായ്‌വന്നീടുമഹല്യാദേവിയെന്നാല്‍."


ഗാഥിനന്ദനന്‍ ദാശരഥിയോടേവം പറ-
ഞ്ഞാശു തൃക്കയ്യും പിടിച്ചുടജാങ്കണം പുക്കാന്‍. 1070
ഉഗ്രമാം തപസ്സൊടുമിരിക്കും ശിലാരൂപ-
മഗ്രേ കാണ്‍കെന്നു കാട്ടിക്കൊടുത്തു മുനിവരന്‍.
ശ്രീപാദാംബുജം മെല്ലേ വച്ചിതു രാമദേവന്‍
ശ്രീപതി രഘുപതി സല്‍പതി ജഗല്‍പതി.
രാമോഹമെന്നു പറഞ്ഞാമോദം പൂണ്ടുനാഥന്‍
കോമളരൂപന്‍ മുനിപത്നിയെ വണങ്ങിനാന്‍.
അന്നേരം നാഥന്‍തന്നെക്കാണായിതഹല്യയ്‌ക്കും
വന്നൊരാനന്ദമേതും ചൊല്ലാവതല്ലയല്ലോ.
താപസശ്രേഷ്‌ഠനായ കൗശികമുനിയോടും
താപസഞ്ചയം നീങ്ങുമാറു സോദരനോടും. 1080
ശാപനാശനകരനായൊരു ദേവന്‍തന്നെ-
ച്ചാപബാണങ്ങളോടും പീതമാം വസ്‌ത്രത്തോടും
ശ്രീവത്സവത്സത്തോടും സുസ്മിതവക്ത്രത്തോടും
ശ്രീവാസാംബുജദലസന്നിഭനേത്രത്തോടും
വാസവനീലമണിസങ്കാശഗാത്രത്തോടും
വാസവാദ്യമരൗഘവന്ദിതപാദത്തോടും
പത്തുദിക്കിലുമൊക്കെ നിറഞ്ഞ കാന്തിയോടും
ഭക്തവത്സലന്‍തന്നെക്കാണായിതഹല്യയ്‌ക്കും.
തന്നുടെ ഭര്‍ത്താവായ ഗൗതമതപോധനന്‍
തന്നോടു മുന്നമുരചെയ്തതുമോര്‍ത്താളപ്പോള്‍. 1090
നിര്‍ണ്ണയം നാരായണന്‍താനിതു ജഗന്നാഥ-
നര്‍ണ്ണോജവിലോചനന്‍ പത്മജാമനോഹരന്‍
ഇത്ഥമാത്മനി ചിന്തിച്ചുത്ഥാനംചെയ്തു ഭക്ത്യാ
സത്വരമര്‍ഘ്യാദികള്‍കൊണ്ടു പൂജിച്ചീടിനാള്‍.
സന്തോഷാശ്രുക്കളൊഴുകീടും നേത്രങ്ങളോടും
സന്താപം തീര്‍ന്നു ദണ്ഡനമസ്‌കാരവും ചെയ്താള്‍.
ചിത്തകാമ്പിങ്കലേറ്റം വര്‍ദ്ധിച്ച ഭക്തിയോടു-
മുത്ഥാനംചെയ്തു മുഹുരഞ്ജലിബന്ധത്തോടും
വ്യക്തമായൊരു പുളകാഞ്ചിതദേഹത്തോടും
വ്യക്തമല്ലാതെ വന്ന ഗദ്‌ഗദവര്‍ണ്ണത്തോടും. 1100
അദ്വയനായൊരനാദ്യസ്വരൂപനെക്കണ്ടു
സദ്യോജാതാനന്ദാബ്ധിമഗ്നയായ്‌ സ്തുതിചെയ്താള്‍


" ഞാനഹോ കൃതാര്‍ത്ഥയായേന്‍ ജഗന്നാഥ! നിന്നെ-
ക്കാണായ്‌വന്നതുമൂലമത്രയുമല്ല ചൊല്ലാം.
പത്മജരുദ്രാദികളാലപേക്ഷിതം പാദ-
പത്മസംലഗ്നപാംസുലേശമിന്നെനിക്കല്ലോ
സിദ്ധിച്ചു ഭവല്‍പ്രസാദാതിരേകത്താലതി-
ന്നെത്തുമോ ബഹുകല്‍പകാലമാരാധിച്ചാലും?
ചിത്രമെത്രയും തവ ചേഷ്ടിതം ജഗല്‍പതേ!
മര്‍ത്ത്യഭാവേന വിമോഹിപ്പിച്ചിടുന്നിതേവം. 1110
ആനന്ദമയനായോരതിമായികന്‍ പൂര്‍ണ്ണന്‍
ന്യൂനാതിരേകശൂന്യനചലനല്ലോ ഭവാന്‍.
ത്വല്‍പാദാംബുജപാംസുപവിത്രാഭാഗീരഥി
സര്‍പ്പഭൂഷണവിരിഞ്ചാദികളെല്ലാരെയും
ശുദ്ധമാക്കീടുന്നതും ത്വല്‍പ്രഭാവത്താലല്ലോ;
സിദ്ധിച്ചേനല്ലോ ഞാനും സ്വല്‍പാദസ്പര്‍ശമിപ്പോള്‍.
പണ്ടു ഞാന്‍ ചെയ്ത പുണ്യമെന്തു വര്‍ണ്ണിപ്പതു വൈ-
കുണ്‌ഠ! തല്‍കുണ്‌ഠാത്മനാം ദുര്‍ല്ലഭമുര്‍ത്തേ! വിഷ്ണോ!
മര്‍ത്ത്യനായവതരിച്ചോരു പൂരുഷം ദേവം
ചിത്തമോഹനം രമണീയദേഹിനം രാമം 1120
ശുദ്ധമത്ഭുതവീര്യം സുന്ദരം ധനുര്‍ദ്ധരം
തത്ത്വമദ്വയം സത്യസന്ധമാദ്യന്തഹീനം
നിത്യമവ്യയം ഭജിച്ചീടുന്നേനിനി നിത്യം
ഭക്ത്യൈവ മറ്റാരെയും ഭജിച്ചീടുന്നേനില്ല.
യാതൊരു പാദാംബുജമാരായുന്നിതു വേദം,
യാതൊരു നാഭിതന്നിലുണ്ടായി വിരിഞ്ചനും,
യാതൊരു നാമം ജപിക്കുന്നിതു മഹാദേവന്‍,
ചേതസാ തത്സ്വാമിയെ ഞാന്‍ നിത്യം വണങ്ങുന്നേന്‍.
നാരദമുനീന്ദ്രനും ചന്ദ്രശേഖരന്‍താനും
ഭാരതീരമണനും ഭാരതീദേവിതാനും 1130
ബ്രഹ്‌മലോകത്തിങ്കല്‍നിന്നന്വഹം കീര്‍ത്തിക്കുന്നു
കല്‍മഷഹരം രാമചരിതം രസായനം
കാമരാഗാദികള്‍ തീര്‍ന്നാനന്ദം വരുവാനായ്‌
രാമദേവനെ ഞാനും ശരണംപ്രാപിക്കുന്നേന്‍.
ആദ്യനദ്വയനേകനവ്യക്തനനാകുലന്‍
വേദ്യനല്ലാരാലുമെന്നാലും വേദാന്തവേദ്യന്‍
പരമന്‍ പരാപരന്‍ പരമാത്മാവു പരന്‍
പരബ്രഹ്‌മാഖ്യന്‍ പരമാനന്ദമൂര്‍ത്തി നാഥന്‍
പൂരുഷന്‍ പുരാതനന്‍ കേവലസ്വയംജ്യോതി-
സ്സകലചരാചരഗുരു കാരുണ്യമൂര്‍ത്തി 1140
ഭൂവനമനോഹരമായൊരു രൂപം പൂണ്ടു
ഭൂവനത്തിങ്കലനുഗ്രഹത്തെ വരുത്തുവാന്‍.
അങ്ങനെയുളള രാമചന്ദ്രനെസ്സദാകാലം
തിങ്ങിന ഭക്ത്യാ ഭജിച്ചീടുന്നേന്‍ മനസി ഞാന്‍.
സ്വതന്ത്രന്‍ പരിപൂര്‍ണ്ണനാനന്ദനാത്മാരാമ-
തനന്ദ്രന്‍ നിജമായാഗുണബിംബിതനായി
ജഗദുത്ഭവസ്ഥിതിസംഹാരാദികള്‍ ചെയ്‌വാ-
നഖണ്ഡന്‍ ബ്രഹ്‌മവിഷ്ണുരുദ്രനാമങ്ങള്‍ പൂണ്ടു
ഭേദരൂപങ്ങള്‍ കൈക്കൊണ്ടൊരു നിര്‍ഗ്ഗുണമൂര്‍ത്തി
വേദാന്തവേദ്യന്‍ മമ ചേതസി വസിക്കേണം. 1150


രാമ! രാഘവ! പാദപങ്കജം നമോസ്തുതേ!
ശ്രീമയം ശ്രീദേവീപാണിദ്വയപത്‌മാര്‍ച്ചിതം.
മാനഹീനന്മാരാം ദിവ്യന്മാരാലനുധ്യേയം
മാനാര്‍ത്ഥം മൂന്നിലകമാക്രാന്തജഗത്ത്രയം
ബ്രഹ്‌മാവിന്‍ കരങ്ങളാല്‍ ക്ഷാളിതം പത്മോപമം
നിര്‍മ്മലം ശംഖചക്രകുലിശമത്സ്യാങ്കിതം
മന്മനോനികേതനം കല്‍മഷവിനാശനം
നിര്‍മ്മലാത്മനാം പരമാസ്പദം നമോസ്തുതേ.
ജഗദാശ്രയം ഭവാന്‍ ജഗത്തായതും ഭവാന്‍
ജഗതാമാദിഭൂതനായതും ഭവാനല്ലോ. 1160
സര്‍വഭൂതങ്ങളിലുമസക്തനല്ലോ ഭവാന്‍
നിര്‍വികാരാത്മാ സാക്ഷിഭൂതനായതും ഭവാന്‍.
അജനവ്യയന്‍ ഭവാനജിതന്‍ നിരഞ്ജനന്‍
വചസാം വിഷമമല്ലാതൊരാനന്ദമല്ലോ.
വാച്യവാചകോഭയഭേദേന ജഗന്മയന്‍
വാച്യനായ്‌വരേണമേ വാക്കിനു സദാ മമ.
കാര്യകാരണകര്‍ത്തൃഫലസാധനഭേദം
മായയാ ബഹുവിധരൂപയാ തോന്നിക്കുന്നു.
കേവലമെന്നാകിലും നിന്തിരുവടിയതു
സേവകന്മാര്‍ക്കുപോലുമറിയാനരുതല്ലോ. 1170
ത്വന്മായാവിമോഹിതചേതസാമജ്ഞാനിനാം
ത്വന്മാഹാത്മ്യങ്ങള്‍ നേരേയറിഞ്ഞുകൂടായല്ലോ.
മാനസേ വിശ്വാത്മാവാം നിന്തിരുവടിതന്നെ
മാനുഷനെന്നു കല്‍പിച്ചീടുവോരജ്ഞാനികള്‍.
പുറത്തുമകത്തുമെല്ലാടവുമൊക്കെ നിറ-
ഞ്ഞിരിക്കുന്നതു നിത്യം നിന്തിരുവടിയല്ലോ.
ശുദ്ധനദ്വയന്‍ സമന്‍ നിത്യന്‍ നിര്‍മ്മലനേകന്‍
ബുദ്ധനവ്യക്തന്‍ ശാന്തനസംഗന്‍ നിരാകാരന്‍
സത്വാദിഗുണത്രയയുക്തയാം ശക്തിയുക്തന്‍
സത്വങ്ങളുളളില്‍ വാഴും ജീവാത്മാവായ നാഥന്‍ 1180
ഭക്താനാം മുക്തിപ്രദന്‍ യുക്താനാം യോഗപ്രദന്‍
സക്താനാം ഭുക്തിപ്രദന്‍ സിദ്ധാനാം സിദ്ധിപ്രദന്‍
തത്ത്വാധാരാത്മാ ദേവന്‍ സകലജഗന്മയന്‍
തത്ത്വജ്ഞന്‍ നിരുപമന്‍ നിഷ്‌കളന്‍ നിരഞ്ജനന്‍
നിര്‍ഗ്ഗുണന്‍ നിശ്ചഞ്ചലന്‍ നിര്‍മ്മലന്‍ നിരാധാരന്‍
നിഷ്‌ക്രിയന്‍ നിഷ്‌കാരണന്‍ നിരഹങ്കാരന്‍ നിത്യന്‍
സത്യജ്ഞാനാനന്താനന്ദാമൃതാത്മകന്‍ പരന്‍
സത്താമാത്രാത്മാ പരമാത്മാ സര്‍വ്വാത്മാ വിഭൂ
സച്ചിദ്‌ബ്രഹ്‌മാത്മാ സമസ്തേശ്വരന്‍ മഹേശ്വര-
നച്യുതനാദിനാഥന്‍ സര്‍വദേവതാമയന്‍ 1190
നിന്തിരുവടിയായതെത്രയും മൂഢാത്മാവാ-
യന്ധയായുളേളാരു ഞാനെങ്ങനെയറിയുന്നു
നിന്തിരുവടിയുടെ തത്ത്വ,മെന്നാലും ഞാനോ
സന്തതം ഭൂയോഭൂയോ നമസ്തേ നമോനമഃ
യത്രകുത്രാപി വസിച്ചീടിലുമെല്ലാനാളും
പൊന്‍ത്തളിരടികളിലിളക്കം വരാതൊരു
ഭക്തിയുണ്ടാകവേണമെന്നൊഴിഞ്ഞപരം ഞാ-
നര്‍ത്ഥിച്ചീടുന്നേയില്ല നമസ്തേ നമോനമഃ
നമസ്തേ രാമരാമ! പുരുഷാദ്ധ്യക്ഷ! വിഷ്ണോ!
നമസ്തേ രാമരാമ! ഭക്തവത്സല! രാമ! 1200
നമസ്തേ ഹൃഷികേശ! രാമ! രാഘവ! രാമ!
നമസ്തേ നാരായണ! സന്തതം നമോസ്തുതേ.
സമസ്തകര്‍മ്മാര്‍പ്പണം ഭവതി കരോമി ഞാന്‍
സമസ്തമപരാധം ക്ഷമസ്വ ജഗല്‍പതേ!
ജനനമരണദുഃഖാപഹം ജഗന്നാഥം
ദിനനായകകോടിസദൃശപ്രഭം രാമം
കരസാരസയുഗസുധൃതശരചാപം
കരുണാകരം കാളജലദഭാസം രാമം
കനകരുചിരദിവ്യാംബരം രമാവരം
കനകോജ്ജ്വലരത്നകുണ്ഡലാഞ്ചിതഗണ്ഡം 1210
കമലദലലോലവിമലവിലോചനം
കമലോത്ഭവനതം മനസാ രാമമീഡേ."

പുരതഃസ്ഥിതം സാക്ഷാദീശ്വരം രഘുനാഥം
പുരുഷോത്തമം കൂപ്പി സ്തുതിച്ചാല്‍ ഭക്തിയോടേ
ലോകേശാത്മജയാകുമഹല്യതാനും പിന്നെ
ലോകേശ്വരാനുജ്ഞയാ പോയിതു പവിത്രയായ്‌.
ഗൗതമനായ തന്റെ പതിയെ പ്രാപിച്ചുട-
നാധിയും തീര്‍ത്തു വസിച്ചീടിനാളഹല്യയും.
ഇസ്തുതി ഭക്തിയോടെ ജപിച്ചീടുന്ന പുമാന്‍
ശുദ്ധനായഖിലപാപങ്ങളും നശിച്ചുടന്‍ 1220
പരമം ബ്രഹ്‌മാനന്ദം പ്രാപിക്കുമത്രയല്ല
വരുമൈഹികസൗഖ്യം പുരുഷന്മാര്‍ക്കു നൂനം.
ഭക്ത്യാ നാഥനെ ഹൃദി സന്നിധാനംചെയ്തുകൊ-
ണ്ടീ സ്തുതി ജപിച്ചീടില്‍ സാധിക്കും സകലവും.
പുത്രാര്‍ത്ഥി ജപിക്കിലോ നല്ല പുത്രന്മാരുണ്ടാ-
മര്‍ത്ഥാര്‍ത്ഥി ജപിച്ചീടിലര്‍ത്ഥവുമേറ്റമുണ്ടാം.
ഗുരുതല്‍പഗന്‍ കനകസ്തേയി സുരാപായി
ധരണീസുരഹന്താ പിതൃമാതൃഹാ ഭോഗി
പുരുഷാധമനേറ്റമെങ്കിലുമവന്‍ നിത്യം
പുരുഷോത്തമം ഭക്തവത്സലം നാരായണം 1230
ചേതസി രാമചന്ദ്രം ധ്യാനിച്ചു ഭക്ത്യാ ജപി-
ച്ചാദരാല്‍ വണങ്ങുകില്‍ സാധിക്കുമല്ലോ മോക്ഷം.
സദ്വഹൃത്തനെന്നായീടില്‍ പറയേണമോ മോക്ഷം
സദ്യസ്സംഭവിച്ചീടും സന്ദേഹമില്ലയേതും.
Next Article