വ്രതം വിശ്വാസിയുടെ പരിച

Webdunia
PTIPTI
റമദാന്‍ വ്രതത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത അത്‌ പ്രകടനപരമായ ഒരു ആരാധന അല്ലെന്നുള്ളതാണ്‌. അവനവന്‍ തന്നെ സ്വന്തം ജീവിതത്തില്‍ ചെയ്യുന്ന കാര്യം. വ്രതശുദ്ധി സ്വയം വിലയിരുത്തപ്പെടുന്നു.

സ്വന്തം മനസാക്ഷിക്ക്‌ മുന്നില്‍ മാത്രമാണ്‌ പരമകാരുണികനായ അള്ളാഹുവിന്‌ നല്‌കുന്ന ആത്മാര്‍പ്പണം വിലയിരുത്തപ്പെടുന്നത്‌. ജീവിതത്തില്‍ കൂടുതല്‍ സൂക്ഷ്‌മതയോടെ പെരുമാറാനുള്ള മാനസിക ശക്തിയാണ്‌ റമദാന്‍ മാസപിറവി മുതല്‍ ശവ്വാല്‍ മാസ പിറവി വരെ ആചരിക്കുന്നത്‌.

ചാപല്യം നിറഞ്ഞ മനസിലെ പ്രാര്‍ത്ഥനക്ക്‌ സജ്ജമാക്കേണ്ടതുണ്ട്‌. ലൗകിക തൃഷ്‌ണകളാല്‍ ഇളകി മറിയുന്ന മനസുമായി പ്രാര്‍ത്ഥന നടത്താനാകില്ല. മഹാ പ്രപഞ്ചത്തിന്‍റെ സൃഷ്ടാവ്‌ സര്‍വ്വശക്തനായ അല്ലാഹു തന്നെയാണെന്ന്‌ അംഗീകരിക്കലാണ്‌ ഏറ്റവും പ്രധാനം.

നോമ്പ്‌ ആചരിക്കുന്നത്‌ ആരെയും ബോധ്യപ്പെടുത്താന്‍ വേണ്ടിയുള്ള കര്‍മ്മമല്ല. നോമ്പ്‌ എടുക്കുക എന്നത്‌ ഒരു മേനി നടിക്കലാകരുത്‌ എന്നത്‌ വളരെ പ്രധാനമാണ്‌.

പ്രലോഭനങ്ങള്‍ക്ക്‌ നടുവിള്‍ വിശ്വാസിയുടെ പരിചയായി നോമ്പ്‌ ആചരണം മാറുന്നു. അനാവശ്യമായ വാക്കുകള്‍ പോലും നോമ്പ്‌ കാലത്ത്‌ പാടില്ല, ഭക്ഷണ ക്രമത്തില്‍ മാത്രമല്ല, മാനസികമായ ഉല്ലാസങ്ങളില്‍ നിന്ന്‌ അകന്നു നില്‍ക്കലും നോമ്പിന്‍റെ ഭാഗമാണ്‌.

സത്യത്തിലേക്ക്‌ അടുക്കാനുള്ള ഏറ്റവും മഹത്തായ വഴി ആത്മ പരിശോധന അഥവാ വീണ്ടു വിചാരമാണ്‌. നേരിലേക്കുള്ള മാര്‍്‌ഗ്ഗ ദര്‍ശനം നല്‌കേണമേ ഏന്ന ഔദാര്യം മാത്രമാണ്‌ അല്ലാഹുവില്‍ നിന്ന്‌ പ്രതീക്ഷിക്കേണ്ടത്‌.

ദൗര്‍ബല്യങ്ങള്‍ എല്ലാം മനസുകൊണ്ട് ഏറ്റു പറഞ്ഞ്‌ നോമ്പ്‌ കാലത്ത്‌ അല്ലാഹുവിന്‌ മുന്നില്‍ സത്യവിശ്വാസിക്ക്‌ അപേക്ഷിക്കാനുള്ളത്‌ വീണ്ടുവിചാരം നല്‌കണമേ എന്നത്‌ മാത്രമാണ്‌.