കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രി കുമാരി ഷെല്‍ജ രാജിവച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സജീവമാകുന്നതിനാണ് രാജിയെന്നാണ് സൂചന. മുന്‍ കേന്ദ്രമന്ത്രി ചൗദരി ദല്‍ബിര്‍ സിംഗിന്റെ മകളാണ് ഷെല്‍ജ.
1990 ല്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ഷെല്‍ജ, നാലു തവണ പാര്‍ലമെന്റംഗമായിട്ടുണ്ട്. നിലവില്‍ ഹരിയാനയിലെ അംബാല മണ്ഡലത്തെയാണ് ഷെല്‍ജ ലോക്സഭയില്‍ പ്രതിനിധീകരിച്ചിരുന്നത്. ഹരിയാനയില്‍ നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ഷെല്‍ജ ഇന്ന് പത്രിക സമര്‍പ്പിച്ചു. ഇന്നായിരുന്നു രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.
ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലും സജീവമായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനാണ് രാജി. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് കുമാരി ഷെല്‍ജ. നേരത്തെ ജയന്തി നടരാജന്‍ രാജിവെച്ചിരുന്നു.