മരുന്നടി: ആദ്യ ഇര മരിയാ

Webdunia
തിങ്കള്‍, 11 ഓഗസ്റ്റ് 2008 (13:44 IST)
ഉത്തേജക മരുന്നടിക്കെതിരെ ശക്തമായ നിലപാട് കൈക്കൊള്ളുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് സമിതിയും സംഘാടകരും ഉത്തേജക വിരുദ്ധ സമിതിയും ആണയിടുമ്പോഴും ഒളിമ്പിക്സില്‍ മരുന്നടി ശക്തമാകുന്നു. മരുന്നടിയുമായി ബന്ധപ്പെട്ട് ബീജിംഗില്‍ ആദ്യം പിടിയിലായിരിക്കുന്നത് സ്പാനിഷ് സൈക്ലിംഗ് താരം മരിയാ ഇസാബെലാണ്.

ഒളിമ്പിക്‍സ് മത്സരങ്ങള്‍ക്ക് പുറപ്പെടുന്നതിനു മുമ്പ് ജൂലായ് 31 നു നടന്ന പരിശോധനയുടെ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. വനിതാ സൈക്ലിംഗിലെ വ്യക്തിഗത ഇനമായ റോഡ് റേസ് താരമാണ് മരിയാ ഇസബെല്‍ മൊറേനോ. നിരോധിത മരുന്നായ ഇ പി ഒ ഉപയോഗിച്ചതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്.

രണ്ട് വര്‍ഷത്തേക്ക് വിലക്ക് വരുന്ന താരത്തിന് അന്താരാഷ്ട്ര ഒളിമ്പിക്‍സ് കമ്മറ്റിയുടെ പുതിയ നിയമം അനുസരിച്ച് 2012 ലണ്ടന്‍ ഒളിമ്പിക്‍സിലും പങ്കെടുക്കാനാകില്ല. ബീജിംഗ് ഒളിമ്പിക്‍സില്‍ മൊറേനോയ്‌ക്ക് പിന്നാലെ ഇനിയും ആള്‍ക്കാര്‍ കുടുങ്ങുമെന്നതിന്‍രെ സൂചനകളാണ് ഐ ഒ സി നല്‍കുന്നത്. മരുന്ന് പരിശോധനയില്‍ 40 പേരെങ്കിലും ഉണ്ടാകുമെന്ന ഐ ഒ സി കരുതുന്നു.

തിങ്കളാഴ്ച ഇക്കാര്യം അറിയിക്കുന്നത് വരെ സ്പാനിഷ് ഒളിമ്പിക് കമ്മറ്റി ഇക്കാര്യത്തില്‍ ബോധവാന്‍‌മാര്‍ ആയിരുന്നില്ല. കഴിഞ്ഞയാഴ്ച ഏഴ് റഷ്യന്‍ അത്‌ലറ്റുകളെ ഉത്തേജക മരുന്നടിയെ തുടര്‍ന്ന് അന്താരാഷ്ട്ര അത്‌ലറ്റിക് അസോസിയേഷന്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.