കാലാവധി കഴിഞ്ഞതാണെന്ന് അറിയാതെയാണ് ആ ജ്യൂസ് ഹെലന്‍ ഫോന്‍സെക എന്ന നടി കുടിച്ചത്. അതോടെ പണികിട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ. കടുത്ത പനിയും വിറയലും ബാധിച്ച് നടി അവശനിലയിലായി.
ഷാരുഖ് ഖാന്‍റെ ‘റായീസ്’, ഹൃത്വിക് റോഷന്‍റെ ‘കാബില്‍’ എന്നീ സിനിമകളില്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് ഹെലന്‍. ജനുവരി അഞ്ചിനാണ് പ്രശസ്തമായ ഒരു കമ്പനിയുടെ ഒരു കാര്‍ട്ടണ്‍ ജ്യൂസ് (27 പാക്കറ്റ്) നടി ഓര്‍ഡര്‍ ചെയ്തത്. ഇത് ഓര്‍ഡര്‍ ചെയ്ത സൂപ്പര്‍മാര്‍ക്കറ്റിന്‍റെ പേരാണ് ഏറ്റവും കൌതുകം - എവര്‍ ഫ്രഷ് !
796 രൂപയുടെ ആ കാര്‍ട്ടണ്‍ അടുത്ത ദിവസമാണ് ഹെലന്‍റെ വീട്ടിലെത്തിയത്. അധികം വൈകാതെ ഹെലന്‍റെ ഭര്‍ത്താവ് ക്രിസ്റ്റഫര്‍ കടുത്ത പനിയും വിറയലും ബാധിച്ച് കിടപ്പിലായി. അപ്പോഴും ജ്യൂസാണ് വില്ലന്‍ എന്ന് ഹെലന്‍ തിരിച്ചറിഞ്ഞില്ല.
എന്നാല്‍ പിന്നീട് ഹെലനും മകനും ഇതേ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയതോടെയാണ് ജ്യൂസില്‍ നിന്നുണ്ടായ ഭക്‍ഷ്യവിഷബാധയാണെന്ന് ബോധ്യപ്പെട്ടത്. പിന്നീട് ജ്യൂസ് പായ്ക്കറ്റ് പരിശോധിച്ചപ്പോഴാണ് ഡിസംബര്‍ 15ന് കാലാവധി അവസാനിച്ച ജ്യൂസാണ് സൂപ്പര്‍ മാര്‍ക്കറ്റ് നല്‍കിയിരിക്കുന്നതെന്ന് മനസിലായത്.
സ്ഥിരമായി ആ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നുതന്നെ സാധനങ്ങള്‍ വാങ്ങുന്നതായതിനാല്‍ എക്സ്പിയറി ഡേറ്റ് താരം ശ്രദ്ധിച്ചിരുന്നില്ല. ഹെലന്‍ ഇപ്പോള്‍ ഇതിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.