ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ വീണ്ടും ശിശുമരണം. ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തന്നെയാണ് കഴിഞ്ഞ 24 മണിക്കൂറിനകം 16 കുട്ടികള്‍ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മസ്തിഷ്ജ്വരം ബാധിച്ചതിനെ തുടര്‍ന്നാണ് ഒരു കുട്ടി മരിച്ചതെന്നാണ് വിവരം. ഇതോടെ ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഈ മാസം മാത്രം മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 415 ആയി ഉയര്‍ന്നു.
ഈ വര്‍ഷം ജനുവരി മുതലുള്ള കണക്കുകള്‍ പ്രകാരം ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ മാത്രം 1,256 കുഞ്ഞുങ്ങള്‍ മരിച്ചതായാണ് പ്രിന്‍സിപ്പാള്‍ പികെ സിങ് വ്യക്തമാക്കിയത്. നിയോനേറ്റല്‍ ഐസിയുവിലടക്കം പ്രവേശിപ്പിച്ചിരുന്ന കുഞ്ഞുങ്ങള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ചതിന് പിന്നാലെയാണ് വീണ്ടും ഈ ദുരന്തം.
ഈ മാസം ആദ്യം ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് എഴുപതിലേറെ കുട്ടികള്‍ മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ രാജീവ് മിശ്രയെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.