യുപി മുസഫർനഗറിൽ ട്രെയിൻ പാളംതെറ്റി; 20 മരണം, 50 പേര്‍ക്ക് പരുക്ക് - അട്ടിമറിയെന്നു സംശയം
ഉത്തർപ്രദേശിലെ മുസഫർനഗറിൽ ട്രെയിൻ പാളം തെറ്റി. കലിംഗ- ഉത്കല്‍ എക്സ്പ്രസിന്റെ ആറ് കോച്ചുകളാണ് അപകടത്തില്‍പെട്ടത്. 20പേർ അപകടത്തിൽ മരച്ചതായാണ് പ്രാഥമിക വിവരം. 50 പേർക്ക് അപകടത്തിൽ പരുക്കേറ്റു. പുരിയിൽനിന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോവുകയായിരുന്നു ട്രെയിൻ.
ന്യൂഡൽഹിയിൽ നിന്ന് 100 കിലോമീറ്റർ അകലെ ഖൗട്ടാലിയിലാണ് അപകടമുണ്ടായത്. വൈകിട്ട് 5:45ഓടെ മീററ്റില്‍ നിന്നും 40കിലോമീറ്റര്‍ അകലെ ജഗത്പൂര്‍ കോളനിക്കടുത്തെത്തിയപ്പോള്‍ ട്രെയിനിന്റെ ആറ് കോച്ചുകള്‍ ട്രാക്കില്‍ നിന്ന് തെന്നിമാറുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
സംഭവസ്ഥലത്ത് നിരവധി ആളുകള്‍ തടിച്ചു കൂടിയിട്ടുണ്ട്. റെയില്‍വെ ഉദ്യോഗസ്ഥരടക്കമുള്ള ഉന്നതര്‍ സ്ഥലത്തെത്തി. അതേസമയം, അപകടം അട്ടിമറിയാണെന്ന് സംശയമുയർന്നതിനെ തുടർന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് സംഭവസ്ഥലത്തേക്കു തിരിച്ചു.