ബീഫ് വിവാദം ഗുണമായത് കോഴിക്കച്ചവടക്കാര്‍ക്ക്; ചിക്കന് വില കുതിച്ചുകയറുന്നു!

Webdunia
തിങ്കള്‍, 5 ജൂണ്‍ 2017 (18:13 IST)
ബീഫ് വിവാദം ഇന്ത്യയാകെ പടര്‍ന്നുപിടിച്ചപ്പോള്‍ അതിന്‍റെ ഗുണം കിട്ടുന്നത് കോഴിക്കച്ചവടക്കാര്‍ക്കെന്ന് റിപ്പോര്‍ട്ടുകള്‍. ചിക്കന് വന്‍ വിലവര്‍ദ്ധനയാണ് ഉണ്ടാകാന്‍ പോകുന്നതെന്നാണ് സൂചന‍. ഉടന്‍ തന്നെ 25 മുതല്‍ 30 ശതമാനം വരെ വിലവര്‍ദ്ധന ചിക്കന് ഉണ്ടാകുമെന്നാണ് വിവരം.
 
അതായത്, നോണ്‍ വെജ് ഇഷ്ടമുള്ളവര്‍ക്ക് അത്രനല്ല സമയമല്ല ഇതെന്ന് സാരം. ബീഫിന് ക്ഷാമം നേരിടുകയും ചിക്കന് വില കൂടുകയും ചെയ്യുന്ന സാഹചര്യം നേരിടാന്‍ മാംസാഹാര പ്രേമികള്‍ മാനസികമായി തയ്യാറെടുക്കേണ്ടത് അനിവാര്യം.
 
ചിക്കന് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നതാണ് വില ഉയരുന്നതിന് ഒരു കാരണം. അതായത് ചിക്കന്‍ കഴിക്കുന്നവരുടെ എണ്ണത്തില്‍ 40 ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
 
കേരളം, കര്‍ണാടക, തമിഴ്നാട്, തെലങ്കാന, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ആന്ധ്രപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയയിടങ്ങളിലെ കോഴി ബിസിനസിന് വലിയ അഭിവൃദ്ധിയാണ് പ്രതീക്ഷിക്കുന്നത്. വേനല്‍ക്കാലത്ത് സാധാരണയായി കോഴിക്കച്ചവടത്തില്‍ കുറവുണ്ടാകുകയാണ് പതിവ്. എന്നാല്‍ ബീഫ് വിവാദം കത്തിനിന്ന ഇത്തവണ അങ്ങനെ സംഭവിച്ചില്ല.
Next Article