പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നാല്പത്തിയൊന്ന് അംഗ മന്ത്രിസഭയില്‍ 17 പേര് പുതുമുഖങ്ങളാണ്. സത്യപ്രതിജ്ഞ ചടങ്ങിനായി വര്‍ണാഭമായ സജീകരണങ്ങളായിരുന്നു ഒരുക്കിയിരുന്നത്. കൊല്‍ക്കത്തയിലെ റെഡ് റോഡ് മുഴുവന്‍ തൃണമൂലിന്റെ പതാകകള്ക്കൊണ്ട് നിറഞ്ഞിരുന്നു.
ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആര് ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ബി ജെ പി, സി പി എം, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കളാരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തില്ല.
അതേസമയം, മുന്‍ സി പി എം നേതാവും ഇടതു മുന്നണി മന്ത്രിസഭയില്‍ അംഗവുമായിരുന്ന അബ്ദുള്‍ റസാഖ് മൊല്ല ഇത്തവണ മന്ത്രിസഭയില്‍ ഇടംനേടി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ലക്ഷ്മി രത്തന്‍ ശുക്ലയും മന്ത്രിസഭയിലുണ്ട്.