Kerala Weather: എല്ലാ ജില്ലകളിലും മഴയ്ക്കു സാധ്യത; യെല്ലോ അലര്‍ട്ട് എട്ട് ജില്ലകളില്‍

രേണുക വേണു

ബുധന്‍, 14 മെയ് 2025 (16:59 IST)
Kerala Weather: സംസ്ഥാനം കാലവര്‍ഷത്തിലേക്ക്. മേയ് 27 ഓടെ കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കാലവര്‍ഷം അടുത്തെത്തിയതിന്റെ ഭാഗമായി സംസ്ഥാനത്ത് മഴയും ലഭിച്ചു തുടങ്ങി. 
 
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 
 
ബംഗാള്‍ ഉള്‍ക്കടലിനൊപ്പം അറബിക്കടലിലും മേഘരൂപീകരണം ആരംഭിച്ചു. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ്, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മേയ് 13 നാണ് കാലവര്‍ഷം എത്തിച്ചേര്‍ന്നതായി കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചത്. സാധാരണയായി മെയ് 22 ഓടെ ആണ് ഈ മേഖലയില്‍ കാലവര്‍ഷം എത്തുന്നത്. ഇത്തവണ 9 ദിവസം മുന്‍പ് എത്തി. അതിനാല്‍ കേരളത്തിലും സാധാരണയില്‍ നിന്ന് നേരത്തെ കാലവര്‍ഷം എത്തിച്ചേരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍