ദിവസവും 10 തവണ കൊക്കെയ്ൻ, ഉറക്കഗുളികകൾ, 34കാരിയായ ഡോക്ടർ ലഹരിക്കായി ചെലവഴിച്ചത് ഒരു കോടിയോളം

അഭിറാം മനോഹർ

ബുധന്‍, 14 മെയ് 2025 (15:59 IST)
Telangana doctor cocaine arrest
ലഹരിമരുന്ന് ഇടപാടിനിടെ അറസ്റ്റിലായ യുവ വനിത ഡോക്ടര്‍ ലഹരിക്കായി വിറ്റഴിച്ചത് ഒരു കോടിയിലേറെ രൂപയുടെ സ്വത്തെന്ന് തെലങ്കാന ആന്റി നര്‍ക്കോട്ടിക്‌സ് ബ്യൂറോ. കാന്‍സര്‍ ചികിത്സാരംഗത്തെ മുന്‍നിര സ്വകാര്യ ആശുപത്രി ശൃംഖലയുടെ സ്ഥാപകന്റെ മകളും കമ്പനി സിഇഒയുമായ ഡോ നമ്രത ചിഗുരുപതി(34) ആണ് കഴിഞ്ഞ ദിവസം 53 ഗ്രാം കൊക്കെയ്‌നുമായി പിടിയിലായത്. നമ്രതയ്ക്ക് കൊക്കെയ്ന്‍ നല്‍കിയ മുംബൈ സ്വദേശി ബാലകൃഷ്ണയും പിടിയിലായിരുന്നു. ഇവരില്‍ നിന്നും 5 ലക്ഷം രൂപ വരുന്ന ലഹരിമരുന്നാണ് കണ്ടെടുത്തത്.
 
 നമ്രതയ്ക്ക് ലഹരി കൊടുത്തയച്ച ധാക്കര്‍ എന്നയാളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. മുംബൈയില്‍ ഡിജെ ആയി ജോലി നോക്കുന്ന ഇയാള്‍ ഇളിവിലാണ്. മുംബൈയിലെ ഡിജെ പാര്‍ട്ടികളില്‍ വെച്ചാണ് ഇയാള്‍ നമ്രതയെ പരിചയപ്പെട്ടതെന്നാണ് പോലീസിന്റെ നിഗമനം. വ്യാഴ്‌ഴ്ച  വൈകീട്ട് ഹൈദരാബാദിലെ റായ്ദുര്‍ഗയില്‍ വെച്ചാണ് ധാക്കരുടെ വിതരണക്കാരനായ ബാലകൃഷ്ണയില്‍ നിന്നും നമ്രത ലഹരി വാങ്ങിയത്. വാട്ട്‌സാപ്പ് വഴിയായിരുന്നു നമ്രത ലഹരിമരുന്നിന് ഓര്‍ഡര്‍ നല്‍കിയത്.
 
നാല് വര്‍ഷത്തിലേറെയായി നമ്രത ലഹരിമരുന്നിന് അടിമയാണെന്ന് ടിജിഎഎന്‍ബി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 2021ല്‍ സ്‌പെയിനില്‍ എംബിഎ പഠിക്കുന്നതിനിടെയാണ് ലഹരി ഉപയോഗിച്ചുതുടങ്ങിയത്. നമ്രത പലപ്പോഴും ഒരു ദിവസം 10 തവണവരെ കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നെന്നും അമിതമായ ആസക്തിയെ തുടര്‍ന്ന് ഉറക്കഗുളികകളും കഴിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. വിവാഹമോചിതയായ നമ്രതയ്ക്ക് 2 കുട്ടികളുണ്ട്. ഇതുവരെ 70 ലക്ഷം രൂപ ലഹരിക്കായി ചെലവഴിച്ചതായി നമ്രത പോലീസിനോട് സമ്മതിച്ചു. ഇതിനായി ഒരു കോടിയോളം വില വരുന്ന സ്വത്തുക്കള്‍ വിറ്റിരുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍