തമിഴ്നാട് രാഷ്ട്രീയത്തില്‍ വീണ്ടും പുതിയ വിവാദങ്ങള്‍ തലപൊക്കുന്നു. എടപ്പാടി പളനി സാമി സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ അണ്ണാഡിഎംകെ(അമ്മ) ജനറല്‍ സെക്രട്ടറി ശശികലയും സംഘവും തങ്ങള്‍ക്ക് കോഴ നല്‍കിയെന്ന വെളിപ്പെടുത്തലുമായി എംഎല്‍എമാര്‍ രംഗത്ത്. മധുര സൗത്ത് എംഎല്‍എ എസ്.എസ്.ശരവണന്, സൂളൂര്‍ എംഎല്‍എ ആര്.കനകരാജ് എന്നിവരാണ് നിലവിലെ സര്‍ക്കാരിന്റെ നിലനില്പ് തന്നെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.
ഒരു ടിവി ചാനലിന്റെ ഒളിക്യാമറാ ഓപ്പറേഷനിലാണ് എംഎല്‍എമാര്‍ ഇക്കാര്യം പറയുന്നത് പുറത്തുവന്നത്. പളനിസാമി സര്‍ക്കാരിന് പിന്തുണ നല്കുന്നതിനു വേണ്ടി കരുണാസ്, തനി അരസ്, തമീമുല്‍ അന്‍സാരി എന്നീ എംഎല്‍എമാര്‍ 10 കോടി രൂപയാണ് വാങ്ങിയതെന്ന് ശരവണന് ക്യാമറയില്‍ സമ്മതിക്കുന്നു. സഖ്യകക്ഷി നേതാക്കളായ ഇവര്‍ അണ്ണാഡിഎംകെ ചിഹ്നത്തില്‍ മല്‍സരിച്ചായിരുന്നു ജയിച്ചു വന്നത്.
എംഎല്‍എമാരെ പാര്‍പ്പിച്ചിരുന്ന കൂവത്തൂര്‍ റിസോര്‍ട്ടില്‍ നിന്നു സാഹസികമായി ചാടി രക്ഷപ്പെട്ടു പനീര്‍സെല്‍വത്തോടൊപ്പം ചേര്‍ന്ന എംഎല്‍എയാണു ശരവണന്. അതേസമയം കനകരാജാവട്ടെ എടപ്പാടി പക്ഷത്തുമാണ്. ഒപ്പം ചേരാന്‍ പനീര്‍സെല്‍വം എംഎല്‍എമാര്‍ക്കായി ഒരു കോടിരൂപ വാഗ്ദാനം ചെയ്തിരുന്നതായും ശരവണന് സമ്മതിക്കുന്നുണ്ട്.
ശശികല സംഘം ആറു കോടി വീതമാണ് എംഎല്‍എമാര്‍ക്കു നല്‍കിയത്. പിന്നീട് ഇതിനു തുല്യമായ സ്വര്‍ണമാണ് നല്‍കിയത്. കിട്ടാതെ വന്ന ചിലര്‍ മാത്രമാണ് മറുപക്ഷത്തേക്കു പോയത്. തനിക്കൊപ്പം പോരുകയാണെങ്കില്‍ മന്ത്രിസ്ഥാനം നല്‍കാമെന്നും പനീര്‍സെല്‍വം പറഞ്ഞിരുന്നതായും കൂവത്തൂര്‍ റിസോര്‍ട്ടില്‍ മദ്യം സുലഭമായി ഒഴുകിയിരുന്നതായും എംഎല്‍എമാര്‍ പറയുന്നുണ്ട്.