ആധാർ നമ്പറുണ്ടോ ? എങ്കില്‍ വിരലടയാളം പതിച്ച് വിമാനത്തില്‍ കയറാം; പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

Webdunia
വെള്ളി, 9 ജൂണ്‍ 2017 (08:34 IST)
ആഭ്യന്തര യാത്രയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം മൂന്ന് മാസത്തിനകം നടപ്പാക്കും. ടിക്കറ്റ് ബുക്കിംഗിനായി ആധാര്‍, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ് എന്നിവയിലേതെങ്കിലുമൊന്ന് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ വ്യക്തമാക്കി. ആധാര്‍ നിര്‍ബന്ധമാക്കുന്നതിലൂടെ പ്രശ്‌നക്കാരെ കണ്ടെത്താനും നിയന്ത്രിക്കാനും സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
 
വ്യോമയാന മന്ത്രാലയത്തിന്റെ ‘ഡിജിയാത്ര’ പദ്ധതിയുടെ ഭാഗമായാണ് പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്. ഇവര്‍ക്കു ബോഡിങ് പാസ് എടുക്കാതെ തന്നെ വിമാനത്തിലേക്കു പ്രവേശിക്കാനും സാധിക്കും. ടിക്കറ്റ് പിഎന്‍ആറിനൊപ്പം തിരിച്ചറിയല്‍ രേഖയുടെ നമ്പരും രേഖപ്പെടുത്തും. ആധാര്‍ നല്‍കുന്നവര്‍ക്ക് വിരലടയാളം പതിപ്പിച്ചു വിമാനത്തില്‍ പ്രവേശിക്കാം.
 
മറ്റു രേഖകള്‍ നല്‍കിയവര്‍ക്ക് സ്മാര്‍ട് ഫോണില്‍ ലഭിക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത ശേഷമായിരിക്കും വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ സാധിക്കുക. കൂടാതെ ബാഗേജ് സ്വയം കയറ്റിവിടുന്നതിനുള്ള സൗകര്യവും എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. നിലവിലുള്ള കൗണ്ടര്‍ സംവിധാനവും തല്‍ക്കാലം തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Next Article