കേക്കുമായി വീട്ടില്‍ വരുമ്പോള്‍ കയറരുതെന്ന് പറയാനുള്ള സംസ്‌കാരം തനിക്കില്ല; വിഎസ് സുനില്‍കുമാറിന്റെ ആരോപണത്തില്‍ തൃശൂര്‍ മേയറുടെ മറുപടി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 27 ഡിസം‌ബര്‍ 2024 (15:48 IST)
mayor
കേക്കുമായി വീട്ടില്‍ വരുമ്പോള്‍ കയറരുതെന്ന് പറയാനുള്ള സംസ്‌കാരം തനിക്കില്ലെന്ന് തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. വിഎസ് സുനില്‍കുമാറിന്റെ ആരോപണത്തില്‍ മറുപടി പറയുകയായിരുന്നു മേയര്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ സ്വീകരിച്ചത് സാമാന്യ മര്യാദയുടെ ഭാഗമാണെന്നും കേക്ക് വാങ്ങിയെന്നു കരുതി താന്‍ ആ പ്രസ്ഥാനത്തിന്റെ കൂടെ പോയി എന്നാണോ അര്‍ത്ഥമെന്നും അദ്ദേഹം ചോദിച്ചു.
 
ക്രിസ്മസ് ദിനം നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ട് സ്‌നേഹം പങ്കിടും, സ്‌നേഹം പങ്കിടാന്‍ കേക്കുമായി വീട്ടിലേക്ക് വരുമ്പോള്‍ നിങ്ങള്‍ കയറരുത് എന്ന് പറയാനുള്ള സംസ്‌കാരം എനിക്കില്ല, ഞങ്ങള്‍ സ്‌നേഹം പങ്കിടുന്നവരാണ്, അവര്‍ വന്നു, കേക്ക് തന്നു, ഞാനൊരു കേക്ക് അദ്ദേഹത്തിന് കൊടുത്തു, ഇതാണോ തെറ്റ്- എം കെ വര്‍ഗീസ് ചോദിച്ചു. സുനില്‍കുമാര്‍ എംപിയാണെങ്കില്‍ അദ്ദേഹത്തിന് ബിജെപി കേക്ക് കൊടുത്താല്‍ വാങ്ങില്ലെയെന്നും അദ്ദേഹം ചോദിച്ചു.
 
ഇടതുപക്ഷത്തോടോ ഇടതുപക്ഷ രാഷ്ട്രീയ ബോധത്തോടോ ഒരു കൂറും ഇല്ലാത്ത ആളാണ് തൃശ്ശൂര്‍ മേറെന്ന് വിഎസ് സുനില്‍കുമാര്‍ വിമര്‍ശിച്ചിരുന്നു. ക്രിസ്മസിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തൃശ്ശൂര്‍ മേയറുടെ വീട്ടിലെത്തി കേക്ക് കൊടുത്തതിനെ കുറിച്ചാണ് വിഎസ് സുനില്‍കുമാര്‍ വിമര്‍ശിച്ചത്. കെ സുരേന്ദ്രന്‍ വീട്ടില്‍ പോയി കേക്ക് കൊടുത്തതില്‍ തനിക്ക് ആശ്ചര്യം ഇല്ലെന്നും നാളെ മേയര്‍ ബിജെപിയുടെ ആരാകുമെന്ന് പറയാനാകില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍