തൊട്ടുകൂടാത്തവൻ കൊണ്ടുവരുന്ന ഭക്ഷണം വേണ്ട: സൊമാറ്റോ ഡെലിവറി ജീവനക്കാാരൻ്റെ മുഖത്ത് തുപ്പി കസ്റ്റമർ

തിങ്കള്‍, 20 ജൂണ്‍ 2022 (19:34 IST)
ഉത്തർപ്രദേശിലെ ലഖ്നൗവിൽ ജാതിയുടെ പേരിൽ ഓൺലൈൻ ഭക്ഷണവിതരണക്കാരൻ്റ മുഖത്ത് തുപ്പുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി പരാതി. ഓർഡർ ചെയ്ത ഭക്ഷണം നൽകാനെത്തിയ സൊമാറ്റോ ജീവനക്കാരൻ വിനീത് കുമാറിനാണ് ജാതി അധിക്ഷേപവും മർദ്ദനവും നേരിടേണ്ടി വന്നത്.
 
ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഭക്ഷണവുമായി ചെന്നപ്പോൾ കസ്റ്റമർ പേരും ജാതിയും ചോദിക്കുകയായിരുന്നുവെന്നും പട്ടികജാതിക്കാരനാണെന്ന് അറിഞ്ഞപ്പോൾ തൊട്ടുകൂടാത്തയാളുടെ കയ്യിൽ നിന്നും ഭക്ഷണം കഴിക്കില്ലെന്നും പറയുകയായിരുന്നു. ഓർഡർ ആവശ്യമില്ലെങ്കിൽ കാൻസൽ ചെയ്യാൻ പറഞ്ഞതിനെ തുടർന്നാണ് ഇയാൾ വിനീതിൻ്റെ മുഖത്ത് തുപ്പുകയും പത്തോളം ആളുകളെ വിളിച്ചുകൂട്ടി ക്രൂരമായി മർദ്ദിക്കുകയ്യുമായിരുന്നു.
 
വിനീതിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ എസ് സി, എസ് ടി അതിക്രമങ്ങൾ തടയൽ നിയമങ്ങളും മറ്റ് വകുപ്പുകളും പ്രകാരവും പ്രതിക്കെതിരെ കേസെടുത്തതായി ഈസ്റ്റ് സോൺ അഡീഷണൽ പോലീസ് കമ്മീഷണർ കാസിം ആബിദി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍