ന്യൂഡൽഹി: അൺലോക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഓഗസ്റ്റ് അഞ്ചുമുതൽ ജിമ്മുകൾക്കും യോഗ സെന്ററുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
65 വയസ്സിന് മുകളിലുള്ളവർ,രോഗാവസ്ഥയിലുള്ളവര്‍, ഗര്‍ഭിണികള്‍, പത്ത് വയസ്സിന് താഴെയുള്ളവര്‍ എന്നിവര്‍ അടച്ചുപൂട്ടിയ ഇടങ്ങളിലുള്ള ജിമ്മുകളും യോഗാസെന്ററുകളും ഉപയോഗിക്കരുതെന്ന് നിർദേശത്തിൽ പറയുന്നു.കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടുള്ളതല്ല.
ഫിറ്റ്‌നെസ് സെന്ററുകളില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ ബാച്ചുകളായി നിശ്ചിത സമയം അനുവദിക്കണം. ഓരോ ബാച്ചിനും 15-30 മിനിറ്റ് ഇടവേള ഉണ്ടായിരിക്കണം.ഈ ഇടവേളകൾ തിരക്ക് നിയന്ത്രിക്കുന്നതിനും അണുവിമുക്തമാക്കാനും ഉപയോഗിക്കും.
ആളുകള്‍ തമ്മിൽ ചുരുങ്ങിയത് ആറടി അകലം പാലിക്കണം. മാസ്‌കും മുഖാവരണവും ധരിക്കല്‍ നിര്‍ബന്ധമാണ്.വ്യായമം ചെയ്യുന്ന ഘട്ടത്തിൽ മുഖംമറകൾ ഉപയോഗിക്കണം.കൈ കഴുകല്‍, സാനിറ്റൈസര്‍ ഉപയോഗം എന്നിവ കര്‍ശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നു.
രോഗ ലക്ഷണങ്ങളില്ലാത്ത ആളുകളേ മാത്രമേ പ്രവേശിപ്പിക്കാവൂ.ഇവർ വന്നുപോയ സമയവും മറ്റുകാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തണം.ആരോഗ്യ സേതു ഉപയോഗിക്കാനും മാർഗ്ഗരേഖയിൽ നിർദേശമുണ്ട്.