ആദ്യമായി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ തനിക്ക് ഒന്നും അറിയില്ലായിരുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഗോവയിലെ സന്‍വോര്‍ദമില്‍ നടന്ന വിജയ് സങ്കല്പ് റാലിയിലാണ് പ്രതിരോധമന്ത്രിയുടെ വെളിപ്പെടുത്തല്‍.
പ്രതിരോധമന്ത്രിയായി സ്ഥാനമേറ്റെടുത്തപ്പോള്‍ വല്ലാത്ത ഭയം തോന്നി. സ്ഥാനമേറ്റെടുക്കുമ്പോള്‍ വിറയ്ക്കുകയായിരുന്നു. ഡല്‍ഹിയില്‍ എത്തിയ തനിക്ക് ഒന്നുമറിയില്ലായിരുന്നു. സൈനിക ഓഫീസര്‍മാരുടെ വിവിധ പേരുകള്‍ പോലും ആ സമയത്ത് അറിയില്ലായിരുന്നു. എന്നാല്‍, ഇത്രയും നാളത്തെ അനുഭവത്തിന്റെ ബലത്തില്‍ ധൈര്യം അവലംബിക്കുകയായിരുന്നു.
എന്താണ് യുദ്ധമെന്നോ അതിന് എന്തൊക്കെ മുന്നൊരുക്കങ്ങള്‍ വേണമെന്നോ തനിക്ക് മന്ത്രിയായ സമയത്ത് അറിയില്ലായിരുന്നു. സൈന്യത്തിന്റെ കൈകള്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. ആയുധപ്പുരകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും മനസ്സിലായി. കഴിഞ്ഞ രണ്ടുവര്‍ഷം കൂടുതലായി താന്‍ ഒന്നും ചെയ്തിട്ടില്ല. എന്നാല്‍, ആരെങ്കിലും ആക്രമിക്കുകയാണെങ്കില്‍ തിരിച്ചടിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന് സൈന്യത്തിന് നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.