കഴിഞ്ഞദിവസം നടന്ന പൊലീസിന്റെ മാവോയിസ്റ്റ് വേട്ട സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മാവോവാദി നേതാവ്. അസുഖബാധിതരായി അവശനിലയില്‍ ആയിരുന്ന രണ്ടുപേരെയാണ് പൊലീസ് വെടിവെച്ചതെന്ന് ഇയാള്‍ വെളിപ്പെടുത്തി. അക്‌ബര്‍ എന്ന് സ്വയം പരിചയപ്പെടുത്തി മാധ്യമങ്ങളെ ഫോണില്‍ ബന്ധപ്പെട്ടാണ് ഇയാള്‍ കാര്യങ്ങള്‍ പറഞ്ഞത്.
പൊലീസിന്റെ വാദം ശരിയല്ലെന്നും വെടിവെച്ചത് ഏകപക്ഷീയമായാണെന്നും ഇയാള്‍ പറഞ്ഞു. മാവോവാദികളുടെ ക്യാമ്പിന് കാവല്‍ നിന്നവരാണ് ആദ്യം വെടിയുതിര്‍ത്തതെന്ന് കഴിഞ്ഞദിവസം ജില്ല പൊലീസ് മേധാവി പറഞ്ഞിരുന്നു. എന്നാല്‍, ഇത് ശരിയല്ലെന്നും പൊലീസാണ് ആദ്യം വെടിവെച്ചതെന്നും അക്‌ബര്‍ പറഞ്ഞു.
കൊല്ലപ്പെട്ട കുപ്പു ദേവരാജ് കടുത്ത പ്രമേഹബാധിതന്‍ ആയിരുന്നു. അജിതയ്ക്ക് മഞ്ഞപ്പിത്തവും ബാധിച്ചിരുന്നു. ഒരു അപകടത്തെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ അജിതയ്ക്ക് കാഴ്ചക്കുറവും നടുവേദനയും ഉണ്ടായിരുന്നു. മാവോവാദികള്‍ ക്യാമ്പ് ചെയ്യുന്ന സ്ഥലത്തെത്തിയ പൊലീസ് ക്യാമ്പ് വളഞ്ഞ് വെടി വെയ്ക്കുകയായിരുന്നു.
വെടിയൊച്ച കേട്ട് പുറത്തുവന്ന അജിതയും കുപ്പു ദേവരാജും കീഴടങ്ങാം എന്ന് സമ്മതിച്ചെങ്കിലും അത് ചെവിക്കൊള്ളാന്‍ പൊലീസ് തയ്യാറായില്ല. താന്‍ ഉള്‍പ്പെടെ കാവല്‍നിന്ന നാലുപേര്‍ ഓടിരക്ഷപ്പെടുകയായിരുന്നെന്നും ഇയാള്‍ പറഞ്ഞു. തങ്ങള്‍ സുരക്ഷിതരാണെന്നും മറ്റാര്‍ക്കും പരുക്കുകള്‍ ഇല്ലെന്നും ഇയാള്‍ വെളിപ്പെടുത്തി.