നടന്‍ വിവേകിന് ഹൃദയാഘാതമുണ്ടായത് കോവിഡ് വാക്സിന്‍ മൂലമല്ല, സംഭവിച്ചതെന്ത്?

Webdunia
ശനി, 17 ഏപ്രില്‍ 2021 (12:04 IST)
തമിഴ് നടന്‍ വിവേകിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഹൃദയാഘാതം ഉണ്ടാകുന്നതിനു തലേന്നാണ് വിവേക് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. വിവേകിന്റെ ആരോഗ്യനില മോശമാകാന്‍ കാരണം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതാണോ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങളുയര്‍ന്നിരുന്നു. എന്നാല്‍, ഇത്തരം അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നാണ് തമിഴ്‌നാട് ആരോഗ്യവകുപ്പ് അടക്കം വ്യക്തമാക്കുന്നത്. 
 
വിവേകിന് ഹൃദയാഘാതമുണ്ടായതും വാക്‌സിന്‍ സ്വീകരിച്ചതും തമ്മില്‍ യാതൊരു ബന്ധവുമില്ല. വിവേകിനെ നെഞ്ച് വേദനയെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ചയാണ് വിവേക് കോവാക്‌സിന്‍ സ്വീകരിക്കുന്നത്. വിവേകിനെ കൂടാതെ 830 പേരാണ് വ്യാഴാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോവാക്‌സിന്‍ സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിച്ച ശേഷം ഇവരിലാര്‍ക്കും യാതൊരു ആരോഗ്യപ്രശ്‌നവുമില്ലെന്ന് തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണന്‍ വ്യക്തമാക്കി. 
 
വിവേകിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നതനുസരിച്ച് അദ്ദേഹത്തിനു ഇടത് കൊറോണറി ആര്‍ട്ടറിയില്‍ 100 ശതമാനം ബ്ലോക്ക് ഉണ്ട്. ഇതാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചത്. വിവേകിന്റെ ഹൃദയ വാല്‍വില്‍ സ്റ്റെന്റ് ഘടിപ്പിച്ചിരുന്നു. ഹൃദയസംബന്ധമായ അസ്വസ്ഥതകള്‍ കൂടുതല്‍ ആയതിനാലും ആരോഗ്യനില വഷളായതിനാലും വിവേക് ഐസിയുവില്‍ ചികിത്സയിലായിരുന്നു.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് വിവേകിന്റെ അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടില്‍വച്ച് അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ഭാര്യയും മക്കളും ചേര്‍ന്നാണ് വിവേകിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
 
സാമി, ശിവാജി, അന്യന്‍ തുടങ്ങി 200ലേറെ സിനിമകളില്‍ വിവേക് അഭിനയിച്ചു. മികച്ച ഹാസ്യ നടനുള്ള ഫിലംഫെയര്‍ അവാര്‍ഡ് നാല് തവണ ലഭിച്ചു. മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1990കളില്‍ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായി. 2009ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article