കന്യകാത്വപരിശോധന ഭരണഘടനാ വിരുദ്ധം, സുപ്രധാന വിധിയുമായി ഡൽഹി ഹൈക്കോടതി

Webdunia
ചൊവ്വ, 7 ഫെബ്രുവരി 2023 (15:16 IST)
കന്യകാത്വ പരിശോധന ഭരണഘടന വിരുദ്ധമാണെന്നും അത് നടത്തരുതെന്നും ഡൽഹി ഹൈക്കോടതി. അഭയ കേസിൻ്റെ അന്വേഷണത്തിൻ്റെ ഭാഗമായി പ്രതിയായി സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചുകൊണ്ടാണ് ഡൽഹി ഹൈക്കോടതിയുടെ വിധി.
 
ജസ്റ്റിസ് എസ് കെ ശർമയുടേതാണ് സുപ്രധാന വിധി. സിബിഐ നടത്തിയ കന്യകാത്വ പരിശോധനയ്ക്കെതിരെ 2009ൽ നൽകിയ ഹർജി തീർപ്പാക്കികൊണ്ടാണ് വിധി. ക്രിമിനൽ കേസിൽ പ്രതിയാണെന്ന് കരുതി കന്യകാത്വ പരിശോധന നടത്താനാകില്ല. ഇരയാണോ പ്രതിയാണോ എന്നതൊന്നും ഇത്തരം പരിശോധന നടത്തുന്നതിൽ ന്യായീകരണമല്ല. പൗരൻ്റെ സ്വകാര്യതയും അന്തസ്സും ലംഘിക്കുന്നതാണ് ഇത്തരം പരിശോധന. അതിനാൽ ഒരു കാരണവശാലും കന്യകാത്വ പരിശോധന നടത്തരുതെന്നും വിധിയിൽ നിർദേശമുണ്ട്.
 
ക്രിമിനൽ കേസിൽ നടപടികൾ പൂർത്തിയായ ശേഷം സിബിഐയ്ക്കെതിരെ മാനനഷ്ടത്തിനും മനുഷ്യാവകാശ ലംഘനത്തിനും കേസ് നൽകാൻ സിസ്റ്റർ സെഫിക്ക് അവകാശമുണ്ടെന്നും ഡൽഹി ഹൈക്കോടതി വിധിച്ചു. കന്യകാത്വ പരിശോധനയ്ക്കെതിരെ സിസ്റ്റർ സെഫി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നെങ്കിലും പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article