മോഡി ഒരു അന്താരാഷ്ട്ര ഫാഷന്‍ തരംഗമാണ്!

Webdunia
ശനി, 7 ജൂണ്‍ 2014 (14:53 IST)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരു അന്താരാഷ്ട്ര ഫാഷന്‍ തരംഗമാണ്. നടപ്പിലും വസ്ത്രധാരണത്തിലും എന്നു വേണ്ട ഒരു നേതാവെന്ന നിലയില്‍ ദേശീയ ഹിന്ദുവെന്ന ഇമേജ് മോഡി സ്വയം നിര്‍മിച്ചെടുത്തവയാണ്. ടൈം മാഗസിന്‍, ന്യൂയോര്‍ക്ക്‌ ടൈംസ്‌, വാഷിംഗ്ടണ്‍ പോസ്‌റ്റ് തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളുടേതാണ് ഈ വിലയിരുത്തല്‍.
 
ഇന്ത്യയുടെ പുതിയ പ്രധാനമന്ത്രി അന്താരാഷ്‌ട്ര രാഷ്‌ട്രീയത്തിലെ പുതിയ ഫാഷന്‍ ഐക്കണായി മാറിയിരിക്കുകയാണ്. അന്താരാഷ്ട്ര ബ്രാ‍ന്‍ഡായ ബള്‍ഗാറിയുടെ കണ്ണടയും മൊവാദോ വാച്ചും പ്രത്യേക ഷെയ്‌ഡുകളിലുള്ള കുര്‍ത്തകളും മറ്റു നേതാക്കളില്‍ നിന്ന്‌ അദ്ദേഹത്തെ വേറിട്ടു നിര്‍ത്താന്‍ സഹായിച്ചുവെന്നാണ് യു‌എസ് മാധ്യമങ്ങളുടെ നിരീക്ഷണം. ഈ വേഷവിധാനം അദ്ദേഹം യൂറോപ്യന്‍ ഡിസൈനര്‍മാരുടെ ആരാധകനാണെന്നല്ല തെളിയിക്കുന്നതെന്നും മറിച്ച് ദേശീയ ഹിന്ദുത്വത്തിന്റെ നേതാവെന്ന ഇമേജ് ഇതിലൂടെ സൃഷ്ടിച്ചെടുക്കുകയാണെന്നും വാഷിംഗ്‌ടണ്‍ പോസ്റ്റ് പറയുന്നു. സെപ്‌റ്റംബറില്‍ മോഡി വൈറ്റ്‌ ഹൗസ്‌ സന്ദര്‍ശിക്കുന്ന സാഹചര്യത്തിലാണ്‌ മാധ്യമങ്ങളില്‍ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌. 
 
മോഡിയുടെ ഫാഷന്‍ ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഫാഷന്‍ തരംഗമായി വാഴ്ത്തുന്ന അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയെയും ഫിറ്റ്നെസ് മാനായി അറിയപ്പെടുന്ന റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെക്കാളും മുകളിലാണ് മോഡിയുടെ പ്രഭാവമെന്നും മാധ്യമങ്ങള്‍ പറയുന്നു.  മാര്‍ഗരറ്റ് താച്ചര്‍, റൊണാള്‍ഡ് റീഗന്‍, ഏരിയല്‍ ഷാരോണ്‍, ഷിന്‍സോ അബേ, ഡെഗ് സിയോപിംഗ് എന്നിവരുടെ നിരയിലേക്കാണ് മോഡിയുടെ സ്ഥാനമെന്നാണ് ടൈം മാഗസിന്റെ നിരീക്ഷണം.