കോളേജ് അധ്യാപന യോഗ്യതാ പരീക്ഷയായ 'യുജിസി നെറ്റ്' റദ്ദാക്കി. ജൂണ്‍ 18 ചൊവ്വാഴ്ച നടന്ന പരീക്ഷയാണ് ജൂണ്‍ 19 ബുധനാഴ്ച റദ്ദാക്കിയത്. ചോദ്യങ്ങള്‍ ചോര്‍ന്നെന്ന സംശയത്തെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ബുധനാഴ്ച രാത്രിയോടെയാണ് പരീക്ഷ റദ്ദാക്കിയ വിവരം സര്‍ക്കാര്‍ പുറത്തുവിട്ടത്. പുതിയ പരീക്ഷ പിന്നീട് നടത്തും. തിയതി പ്രഖ്യാപിച്ചിട്ടില്ല. രജിസ്റ്റര്‍ ചെയ്തവരില്‍ 81 ശതമാനവും പരീക്ഷ എഴുതിയിരുന്നതായി യുജിസി ചെയര്‍മാന്‍ ജഗദേഷ് കുമാര്‍ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോ ഓര്‍ഡിനേഷന്‍ സെന്ററിനു കീഴിലെ നാഷണല്‍ സൈബര്‍ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റാണ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന സൂചനകള്‍ കൈമാറിയത്. ഇവ വിലയിരുത്തിയ ശേഷമാണ് പരീക്ഷകള്‍ റദ്ദാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.
രാജ്യത്തെ 1205 കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷ 11.21 ലക്ഷം പേരാണ് എഴുതിയത്. 2018 മുതല്‍ ഓണ്‍ലൈനായിരുന്ന പരീക്ഷ ഇത്തവണ വീണ്ടും ഓഫ് ലൈന്‍ രീതിയിലേക്ക് മാറ്റുകയായിരുന്നു.