മഴ പെയ്യാത്ത മണ്‍സൂണ്‍ കാലം, രാജ്യത്ത് മണ്‍സൂണ്‍ മഴയില്‍ 20 ശതമാനത്തിന്റെ കുറവ്, ഓഗസ്റ്റോടെ ലാ നിന, കനത്ത പേമാരി

അഭിറാം മനോഹർ

ബുധന്‍, 19 ജൂണ്‍ 2024 (14:43 IST)
മണ്‍സൂണ്‍ കാലം ആരംഭിച്ചെങ്കിലും ജൂണ്‍ മാസത്തില്‍ രാജ്യത്ത് 20 ശതമാനം മഴയുടെ കുറവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂണ്‍ ഒന്ന് മുതല്‍ 18 വരെയുള്ള കാലയളവില്‍ 64.5 മില്ലീമീറ്റര്‍ മഴയാണ് രാജ്യത്ത് ലഭിച്ചത്. ശരാശരി 80.6 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്താണിത്. ജൂണ്‍ പകുതി പിന്നിട്ടിട്ടും മണ്‍സൂണ്‍ മഴയില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
 
ജൂണ്‍ 1 മുതല്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ 10.2 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കുന്ന മഴയിലും 70 ശതമാനം കുറവാണിത്. മധ്യ ഇന്ത്യയില്‍ 31 ശതമാനത്തിന്റെ കുറവും തെക്കന്‍ മേഖലയില്‍ 16 ശതമാനത്തിന്റെ കുറവുമാണ് ഉണ്ടായത്. വടക്കു-കിഴക്കന്‍ മേഖലയില്‍ 15 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തി. ഈ സീസണില്‍ സാധാരണയിലും കൂടുതല്‍ മഴ ലഭിക്കുമെന്നാണ് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നത്. എന്നാല്‍ എല്‍ നിനോ പ്രതിഭാസം തുടരുന്നതാണ് മഴക്കുറവിന് കാരണമെന്ന് ഗവേഷകര്‍ പറയുന്നു. ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസത്തില്‍ ലാ നിന രൂപപ്പെടുമെന്നും ഇതിനെ തുടര്‍ന്ന് മഴ ശക്തമാകുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍