ട്രെയിന്‍ നിരക്കുകള്‍ കുറയ്ക്കാനൊരുങ്ങി റെയിൽവേ മന്ത്രാലയം. റിസർവേഷൻ കുറവുള്ള സമയങ്ങളിലും ഓഫ് സീസണുകളിലും ശതാബ്ദി, രാജധാനി, ദുരന്തോ എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ നിരക്കുകൾ കുറയ്ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി.
2016ലാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം ഈ ട്രെയിനുകളുടെ നിരക്ക് വർദ്ധിപ്പിച്ചിരുന്നത്. കൂടാതെ ഫ്ലെക്സി- ഫെയർ എന്ന സംവിധാനം നടപ്പില്‍ വരുത്തിയതോടെ റിസർവേഷൻ കഴിഞ്ഞ് ബാക്കിയുള്ള സീറ്റുകളിൽ 10 ശതമാനം വരെ തുക അധികമായി ഈടാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ പുതിയ നടപടിയിലൂടെ 2016- 17 സീസണിലെ റെയിൽവേയുടെ വരുമാനത്തിൽ വൻ വരുമാനം ഉണ്ടായിരുന്നെങ്കിലും യാത്രക്കാരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് നിരക്കിൽ മാറ്റം വരുത്താൻ റെയിൽവേ തീരുമാനിച്ചത്.
കൂടാതെ യാത്രക്കാർക്ക് സൗകര്യപ്രദമാകുന്ന തരത്തിൽ പ്രധാന ട്രെയിനുകളുടെ സമയമാറ്റം ഉൾപ്പെടെ മന്ത്രാലയം പരിശോധിച്ച് വരികയാണെന്നും ഗോയൽ വ്യക്തമാക്കി.