ഇന്ത്യയിലെ ആദ്യ 'അണ്ടർവാട്ടർ' ഭക്ഷണശാല എന്ന സ്വപ്നം പൂവണിഞ്ഞു. ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭാരത് ഭട്ട് എന്ന വ്യവസായിയാണ് വെള്ളത്തിനടിയിലൊരു ഭക്ഷണശാലയെന്ന ആശയം പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്.
20 അടി താഴ്ച്ചയില്‍ സ്ഥിതി ചെയ്യുന്ന ‘റിയല്‍ പൊസിഡോണ്‍’ എന്ന ഭക്ഷണശാല അഹമ്മദാബാദ് നഗരത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഒരേ സമയം 32 പേര്‍ക്ക് ഇരുന്നു ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന റിയല്‍ പൊസിഡോൺ പെട്ടന്ന് തന്നെ വാർത്തകളിൽ നിറഞ്ഞു. പക്ഷെ ആദ്യ ആഴ്ചയില്‍ തന്നെ പദ്ധതി പാളുകയാണ് ചെയ്തത്. വേണ്ടത്ര അനുമതി ഇല്ലാതെയാണ് പ്രവര്‍ത്തനം ആരംഭിച്ചതെന്ന് ചൂണ്ടിക്കാട്ടി അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് പൊസിഡോണിനു പൂട്ടിട്ടത്.
പിന്നീട് ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വേണ്ട അനുമതികള്‍ നേടി പൊസിഡോണ്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. തലയ്ക്ക് മുകളില്‍ നീന്തുന്ന നല്ല ഫ്രഷ് മീനുകളെ കണ്ടു കൊണ്ട് ‘വെജിറ്റേറിയന്‍’ ഭക്ഷണം കഴിക്കാന്‍ സാധിക്കുകയെന്നതും ഒരു ഭാഗ്യമല്ലേ? പൊസിഡോണില്‍ മെക്സിക്കന്‍, തായ്, ഇന്ത്യന്‍ വെജിറ്റേറിയന്‍ വിഭവങ്ങളാണ് ലഭിക്കുന്നത്.