മുംബൈയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ യോഗയും സൂര്യനമസ്‌കാരവും ഇനി നിര്‍ബന്ധം

Webdunia
വ്യാഴം, 25 ഓഗസ്റ്റ് 2016 (08:16 IST)
മുംബൈ നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ യോഗയും സൂര്യനമസ്‌കാരവും നിര്‍ബന്ധമാക്കി. കോര്‍പറേഷനില്‍ ബിജെപി അംഗം സമിത കാംബ്‌ളെകൊണ്ടുവന്ന പ്രമേയം ഭരണപക്ഷമായ ശിവസേന-ബിജെപി സഖ്യം അംഗീകരിക്കുകയായിരുന്നു. ബിജെപി അംഗത്തിന്റെ പ്രമേയത്തെ ശിവസേന അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്തില്ല. എന്നാല്‍, വോട്ടിങ്ങില്‍ പിന്തുണച്ചു.

സൂര്യനമസ്‌കാരവും യോഗയും നിര്‍ബന്ധമാക്കാതെ ഐച്ഛികമാക്കണമെന്ന കോണ്‍ഗ്രസിന്റെ നിര്‍ദേശവും ഹൈന്ദവ ആചാരത്തിന്റെ ഭാഗമായ സൂര്യനമസ്‌കാരം ഒഴിവാക്കണമെന്ന സമാജ്വാദി പാര്‍ട്ടിയുടെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. സ്‌കൂളുകളില്‍ ഹിന്ദുത്വ ആശയം പ്രചരിപ്പിക്കുകയാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് റയിസ് ശൈഖ് ആരോപിച്ചു.

നിര്‍ബന്ധമാക്കിയാല്‍ മുസ്ലിം രക്ഷിതാക്കള്‍ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അയക്കുന്നത് നിര്‍ത്തുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. നഗരസഭ പാസാക്കിയ നിര്‍ദേശത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് മുനിസിപ്പല്‍ കമീഷണറാണ്. ബൃഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനുകീഴില്‍ നഗരത്തില്‍ 1237 സ്‌കൂളുകളുണ്ട്. 5.40 ലക്ഷം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. 
Next Article