ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഐസ മുന്‍ വിദ്യാര്‍ത്ഥി നേതാവ് കീഴടങ്ങി

Webdunia
വ്യാഴം, 25 ഓഗസ്റ്റ് 2016 (07:51 IST)
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ ഹോസ്റ്റലില്‍ ഗവേഷക വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വിദ്യാര്‍ഥി നേതാവ് കീഴടങ്ങി. പ്രമുഖ വിദ്യാര്‍ഥി സംഘടനയായ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ) മുന്‍ നേതാവ് അന്‍മോല്‍ രത്തനാണ് കീഴടങ്ങിയത്. മാനഭംഗ വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. അഞ്ചംഗ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
 
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഗവേഷക വിദ്യാര്‍ഥി ആവശ്യപ്പെട്ട സിനിമയുടെ സീഡി തന്റെ പക്കലുണ്ടെന്നും പെന്‍ഡ്രൈവില്‍ പകര്‍ത്തിക്കൊടുക്കാമെന്നും പറഞ്ഞ് രത്തന്‍ യുവതിയെ ഹോസ്റ്റല്‍ മുറിയില്‍ വരുത്തുകയായിരുന്നു. ഹോസ്റ്റല്‍ മുറിയിലെത്തിയപ്പോള്‍ മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി. അത് കുടിച്ചതോടെ യുവതി ബോധരഹിതയായി. മണിക്കൂറുകള്‍ക്കു ശേഷം ഉണര്‍ന്നപ്പോഴാണ് പീഡനത്തിന് ഇരയായ വിവരം പെണ്‍കുട്ടി തിരിച്ചറിഞ്ഞത്. സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് വിദ്യാര്‍ത്ഥിനി വസന്ത്കുഞ്ച് പൊലീസ് സ്റ്റേഷനില്‍ 28കാരിയായ പിഎച്ച്.ഡി വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ പറയുന്നു.
 
ജെഎന്‍യുവില്‍ മേല്‍ക്കൈയുള്ള തീവ്ര ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയാണ് ഐസ. ആരോപണവിധേയനായ വിദ്യാര്‍ഥി നേതാവിനെ ഐസ പുറത്താക്കിയിരുന്നു. ജെഎന്‍യുവില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന എബിവിപി ഐസ നേതാവിനെതിരായ കേസ് ആയുധമാക്കിയതോടെ കാമ്പസ് സംഘര്‍ഷാവസ്ഥയിലാണ്.
 
Next Article