എന്‍ ഡി തിവാരിയുടെ മകന്‍ കൊല്ലപ്പെട്ടതുതന്നെ, ശ്വാസം‌മുട്ടി മരിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, തലയണ മുഖത്ത് അമര്‍ത്തി കൊലപ്പെടുത്തിയെന്ന് നിഗമനം; വീട്ടുകാര്‍ സംശയത്തിന്‍റെ നിഴലില്‍

Webdunia
വെള്ളി, 19 ഏപ്രില്‍ 2019 (20:52 IST)
മുന്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി എന്‍ ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍(40) കൊല്ലപ്പെട്ടതുതന്നെയെന്ന നിഗമനത്തില്‍ പൊലീസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ‘അസ്വാഭാവിക മരണം’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
 
രോഹിത്തിനെ ബലം‌പ്രയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. തലയണ മുഖത്ത് അമര്‍ത്തിവച്ച് ശ്വാസം മുട്ടിച്ച് രോഹിത്തിനെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്.
 
എന്നാല്‍ ആരാണിത് ചെയ്തതെന്ന് വ്യക്തമായിട്ടില്ല. പൊലീസ് ഐ പി സി 302 അനുസരിച്ച് അജ്ഞാതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്.
 
ഈ മാസം 16ന് പുലര്‍ച്ചെ 1.30നാണ് രോഹിത്തിന്‍റെ മരണം സംഭവിച്ചതെന്നാണ് നിഗമനം. അതിന് ശേഷം 15 മണിക്കൂറോളം മൃതദേഹം വീടിനുള്ളില്‍ തന്നെ കിടന്നു. പിറ്റേദിവസം വൈകുന്നേരം അഞ്ചുമണിയോടെയാണ് മൃതദേഹം ആശുപത്രിയില്‍ എത്തിച്ചത്.
 
ഏപ്രില്‍ 15ന് വീട്ടിലേക്ക് കടന്നുവരുന്ന രോഹിത്തിന്‍റെ ദൃശ്യം സി സി ടി വി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. രോഹിത് മദ്യപിച്ചിരുന്നതായും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. അടുത്ത ദിവസം വൈകുന്നേരം നാലുമണി വരെയും ‘ഉറങ്ങിക്കിടന്ന’ രോഹിത്തിനെ ആരും ഉണര്‍ത്താന്‍ ശ്രമിച്ചില്ല എന്നത് പൊലീസിന് ആദ്യമേ സംശയം തോന്നാന്‍ കാരണമായി.
 
മൂക്കില്‍ നിന്ന് രക്തം ഒഴുകുന്ന നിലയില്‍ വൈകുന്നേരം നാലുമണിയോടെയാണ് രോഹിത്തിന്‍റെ ശരീരം കണ്ടതെന്നും സാകേതിലെ മാക്സ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അവര്‍ മരണം സ്ഥിരീകരിച്ചെന്നുമാണ് റിപ്പോര്‍ട്ട്. രോഹിത്തിന്‍റെ കുടുംബാംഗങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. രോഹിത്തിന്‍റെ മരണസമയത്ത് ഭാര്യയും മൂത്ത സഹോദരനും വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നു.  
 
രോഹിത്തിന്‍റെ മരണത്തില്‍ കുടുംബാംഗങ്ങള്‍ ആരും ഒരു സംശയവും ഉന്നയിച്ചിട്ടില്ല. രോഹിത്തിന്‍റേത് സ്വാഭാവിക മരണമാണെന്നാണ് അമ്മ ഉജ്ജല തിവാരി പ്രതികരിച്ചത്. “അവന്‍റേത് സ്വാഭാവിക മരണമാണ്. എനിക്ക് സംശയമൊന്നുമില്ല. പക്ഷേ അവന്‍റെ മരണത്തിലേക്ക് നയിച്ച കാര്യങ്ങള്‍ ഞാന്‍ പിന്നീട് വെളിപ്പെടുത്താം” - ഉജ്ജല പറഞ്ഞു.
 
ഏറെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് താന്‍ എന്‍ ഡി തിവാരിയുടെ മകനാണ് എന്ന സത്യം തെളിയിക്കാന്‍ രോഹിത്തിന് കഴിഞ്ഞത്. ആ നിയമയുദ്ധത്തിലൂടെയാണ് രോഹിത് അറിയപ്പെട്ടതും. കഴിഞ്ഞ വര്‍ഷം ഒക്‍ടോബര്‍ 18നാണ് എന്‍ ഡി തിവാരി അന്തരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article