ലേഖന വിവാദം; പ്രധാനമന്ത്രിയോടും ജയലളിതയോടും ശ്രീലങ്ക മാപ്പ് ചോദിച്ചു

Webdunia
വെള്ളി, 1 ഓഗസ്റ്റ് 2014 (18:02 IST)
പ്രധാനമന്ത്രി മോഡിക്ക് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത  പ്രണയലേഖനമെഴുതുന്ന രീതിയില്‍ ശ്രീലങ്കന്‍ പ്രതിരോധമന്ത്രാലയത്തിന്റെയും നഗരവികസന വകുപ്പിന്റെയും സംയുക്‌ത വെബ്‌സൈറ്റായ 'ഡിഫന്‍സ്‌ ഡോട്ട്‌ എല്‍കെ' യില്‍ വന്ന ലേഖനത്തില്‍ ശ്രീലങ്ക മാപ്പ് ചോദിച്ചു.

മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി ജയലളിത മോഡിക്കയച്ച കത്ത്‌ പ്രണയലേഖനമാണെന്ന്‌ പരിഹസിച്ചുകൊണ്ടാണ് ലങ്കന്‍ വെബ്സൈറ്റില്‍ ലേഖനം പ്രത്യക്ഷപ്പെട്ടത്.  പ്രധാനമന്ത്രിയേയും തമിഴനാട്‌ മുഖ്യമന്ത്രിയേയും നിലവാരമല്ലാത്ത രീതിയില്‍ പരിഹസിച്ചുകൊണ്ട്‌ 'ഹൗ മീനിങ്‌ഫുള്‍ ആര്‍ ജയലളിതാസ്‌ ലൗ ലെറ്റേഴ്‌സ് ടു നരേന്ദ്രമോഡി' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ലേഖനമായിരുന്നു കഴിഞ്ഞ ദിവസം വെബ്‌സൈറ്റിന്റെ ആമുഖ പേജില്‍ നല്‍കിയിരുന്നത്‌.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌ മോഡി സര്‍ക്കാര്‍ പറഞ്ഞതിന്‌ തൊട്ടുപിന്നാലെയായിരുന്നു അപകീര്‍ത്തികരമായ ലേഖനം പ്രത്യക്ഷപ്പെടുന്നത്. അഭിപ്രായങ്ങള്‍ എന്ന കാറ്റഗറിയിലായിരുന്നു ലേഖനം. വ്യക്‌തികളുടെ കാഴ്‌ചപ്പാടാണ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌ എന്ന്‌ ലേഖനത്തിന്റെ അവസാനം ചേര്‍ത്തിരുന്നുവെങ്കിലും വിവാദമായതോടെയാണ് ഖേദപ്രകടനം നടത്തിയിരിരിക്കുന്നത്.

വൈബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ലേഖനം ശ്രീലങ്കന്‍ സര്‍ക്കാരിന്റെയോ പ്രതിരോധ വകുപ്പിന്റെയോ ഔദ്യോഗിക നിലപാടല്ലെന്നും ഇന്ത്യന്‍ പ്രധാനമന്ത്രിയോടും ജയലളിതയോടും നിരുപാധികം മാപ്പുചോദിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി പ്രതിരോധ വകുപ്പിന്റെ വെബ്‌ സൈറ്റിലാണ്‌ ഖേദപ്രകടനം നടത്തിയിരിക്കുന്നത്‌.