ശ്രീദേവിയുടെ മരണം; അന്വേഷണം വിപുലപ്പെടുത്തി ദുബായ് പൊലീസ്, മൃതദേഹം ഇന്നും ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിയില്ല

Webdunia
ചൊവ്വ, 27 ഫെബ്രുവരി 2018 (08:34 IST)
അന്തരിച്ച സിനിമാ നടി ശ്രീദേവിയുടെ മൃതദേഹം ഇന്നും ഇന്ത്യയിലേക്കെത്തിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ടുകൾ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനാലാണ് മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും, ഫോറന്‍സിക് റിപ്പോര്‍ട്ടും പുറത്തവിട്ടെങ്കിലും മരണത്തില്‍ സംശയങ്ങള്‍ നിലനിൽക്കുന്നുണ്ടെന്നാണ് സൂചന. 
 
ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത വര്‍ധിച്ച സാഹചര്യത്തിലാണ് മൃതദേഹം വിട്ടുനല്‍കാന്‍ താമസം വരുന്നത്.  അതേസമയം, മരണത്തിൽ ദുബായ് പൊലീസ് അന്വേഷണം വിപുലപ്പെടുത്തിയിരിക്കുകയാണ്. അവസാന നിമിഷങ്ങളിൽ ശ്രീദേവിയോടൊപ്പമുണ്ടായിരുന്ന ഭർത്താവ് ബോണി കപൂറിനെയും മക്കളെയും ചോദ്യം ചെയ്തിരുന്നു. 
 
കുളിക്കാന്‍ കയറിയ ശ്രീദേവിയെ 15 മിനിട്ട് കഴിഞ്ഞും കാണാഞ്ഞതിനാല്‍ ബാത്ത്‌റൂമിന്റെ വാതില്‍ പൊളിച്ച് ഉള്ളില്‍ കടന്നപ്പോള്‍ ബാത്ത്ടബ്ബില്‍ വീണു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയതെന്നാണ് ബോണി കപൂര്‍ നല്‍കിയ വിവരം.
 
ബോധരഹിതയായി ബാത്ത്ടബില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് ശ്രീദേവിയുടെ മരണത്തിന് കാരണമായതെന്നാണ് ദുബായ് പൊലീസിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട്. ശ്രീദേവിയുടെ മൃതദേഹം ഇപ്പോള്‍ ദുബായ് ഖിസൈസിലെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ദുബായ് പൊലീസ് പബ്ലിക് പ്രോസിക്യൂഷനാണ് തുടരന്വേഷണം നടത്തുന്നത്. 
 
ശനിയാഴ്ചയാണ് ശ്രീദേവിയുടെ മരണം സംഭവിച്ചതെന്നും ഫോറന്‍സിക് രേഖകളില്‍ പറയുന്നുണ്ട്. രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുണ്ട്.  ഇതുമായി ബന്ധപ്പെട്ട മരണ സർട്ടിഫിക്കറ്റ് ദുബായ് ഫോറൻസിക് വിഭാഗം ബന്ധുക്കൾക്ക് കൈമാറി. പോസ്റ്റ്മോർട്ടത്തിൽ അസ്വാഭികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ശരീരത്തിൽ മുറിവുകളോ ചതവുകളോ ഇല്ലെന്നും പരിശോധനയിൽ വ്യക്തമായി.

അനുബന്ധ വാര്‍ത്തകള്‍

Next Article