നേപ്പാളിലെ മക്കാലു ബേസ് ക്യാംപിനു സമീപത്ത് ‘യതി’യുടെ കാലടയാളം കണ്ടെത്തി എന്നാണ് ഇന്ത്യൻ കരസേനയുടെ പബ്ലിക് ഇൻഫോർമേഷൻ ഹാൻഡിൽ തിങ്കളാഴ്ച ട്വീറ്റ് ചെയ്‌തത്. 32x15 ഇഞ്ച് വലുപ്പമുണ്ടെന്ന് പറയുന്ന കാലടയാളത്തിന്റെ ചിത്രത്തോട് കൂടിയായിരുന്നു ട്വീറ്റ്. പുരാണ കഥകളിലെ സത്വത്തെ ഇതിന് മുൻപ് മക്കാലു ബാറുൺ നാഷണൽ പാർക്കിൽ മാത്രമാണ് ഇത് കണ്ടെത്തിയത് എന്നും ഇന്ത്യൻ സൈന്യം അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇന്ത്യയുടെ ഈ വാദത്തെ തള്ളി നേപ്പാൾ രംഗത്തെത്തിയിരുന്നു. യതിയുടെ കാൽപ്പാട് അല്ലെന്നും കരടിയുടെ കാൽപ്പാട് ആണെന്നുമാണ് നേപ്പാൾ ഉന്നയിക്കുന്ന വാദം.
വാമൊഴിയായി പകർന്ന നാടോടി കഥകളിൽ നിന്നാണ് ലോകം യതിയെ അറിയുന്നത്. നേപ്പാളിലെ ഷേർപ്പാ വിഭാഗക്കാരുടെ ഇടയിലും ടിബറ്റിലും ഇന്ത്യയിലെ ഹിമാലയത്തോട് ചേർന്ന് നിൽക്കുന്ന പ്രദേശങ്ങളിലുമെല്ലാം യതിയെന്ന ഹിമസത്വത്തെ കുറിച്ചുള്ള ഐതിഹ്യങ്ങളുണ്ട്. മനുഷ്യരേക്കാൾ ഉയരമുള്ള, ശരീരം നിറയെ രോമങ്ങളുള്ള മഞ്ഞുമലകളിൽ ജീവിക്കുന്ന ജീവികളാണ് യതി എന്നാണ് സങ്കൽപ്പം. ഹിമാലയത്തോട് ചേർന്ന മഞ്ഞുമൂടിയ പ്രദേശങ്ങളിലെല്ലാം ഇതിനെ കണ്ടതായി അവകാശപ്പെടുന്നവരുണ്ട്. ഹിമമനുഷ്യൻ എന്നും ഇതിനെ വിളിച്ചുപോരുന്നു. 1,20,000 വർഷങ്ങൾക്കു മുമ്പ് അവസാനത്തെ ഹിമയുഗത്തിന്റെ ആദ്യഘട്ടത്തിലുണ്ടായിരുന്ന നിയാണ്ടർതാലുകളുമായി ഇതിന് സാമ്യമുള്ളതായും പറഞ്ഞുവരുന്നു.
യതിയെ കണ്ടെന്ന് അവകാശപ്പെടുന്ന ധാരാളം പേരുണ്ട്. അജാനബാഹുകളായ യതി അക്രമകാരിയാണ് എന്നും ഒറ്റ കടി കൊണ്ട് മനുഷ്യനെ കൊല്ലാനുള്ള കോമ്പല്ലുകൾ ഉള്ളവയാണ് എന്നും മറ്റും കഥകളുണ്ട്. ഇന്നുവരെ യതിയുടെ വിശ്വസനീയമായ ഒരു ചിത്രം പോലും പകർത്താൻ പറ്റിയിട്ടില്ല എന്നത് ഈ വാദങ്ങളെ സംശയാസ്പദമാക്കുന്നു.അതേസമയം യതിയുടേത് എന്ന് സംശയിക്കുന്ന ഭീമൻ കാലടയാളങ്ങൾ പലയിടത്തും കണ്ടിട്ടുണ്ട്. യതിയുടേത് എന്ന് പറയപ്പെടുന്ന തലയോട്ടി കണ്ടെടുത്തിട്ടുണ്ട്. യതിയാണോ എന്ന് ഉറപ്പിക്കാനായി ഹിമാലയത്തിൽ നിന്ന് ലഭിച്ച രോമങ്ങളിൽ ഡിഎൻഎ ടെസ്റ്റ് നടത്തിയിട്ടുണ്ട്. എന്നാൽ എന്തൊക്കെയായിട്ടും അതിലൊരു സ്ഥിരീകരണം ഉണ്ടായില്ല.