800 കോടി രൂപ ചെലവിൽ ചന്ദ്രയാൻ- 2; വിക്ഷേപണം ജൂലൈയിൽ, സെപ്‌റ്റംബർ ആറിന് ചന്ദ്രനിൽ ഇറങ്ങുമെന്ന് ഐഎസ്ആർഒ

വ്യാഴം, 2 മെയ് 2019 (09:06 IST)
ചന്ദ്രയാൻ- 2വിന്റെ വിക്ഷേപണം ജൂലൈയിൽ നടക്കുമെന്ന് ഐഎസ്ആർഒ. ജൂലായ് 9നും 16നുമിടയിൽ വിക്ഷേപണം നടക്കുന്ന ചന്ദ്രയാൻ- 2 സെപ്തംബർ ആറിന് ചന്ദ്രനിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഎസ്ആർഒ അറിയിച്ചു.
 
800 കോടി രൂപ ചെലവിലാണ് ചന്ദ്രയാൻ -2 ഒരുങ്ങുന്നത്. 200 കോടി വിക്ഷേപണത്തിനും 600 കോടി ഉപഗ്രഹത്തിനും. ജിഎസ്എൽവി ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റായ മാർക് ത്രീയാണ് ചന്ദ്രയാൻ വഹിക്കുന്നത്. നാലായിരം കിലോയിലധികം ഭാരവാഹകശേഷിയുള്ള റോക്കറ്റ് ഐഎസ്ആർഒയുടെ ഫാറ്റ്ബോയ് എന്നറിയപ്പെടുന്നു. 
 
ചന്ദ്രനില്‍ വെള്ളം, ടൈറ്റാനിയം, കാല്‍സ്യം, മഗ്നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നീ ലോഹങ്ങളുടെ സാന്നിധ്യം, ചന്ദ്രന്‍ ഒരുകാലത്തു പൂര്‍ണമായും ഉരുകിയ അവസ്ഥയിലായിരുന്നു എന്നുള്ള മാഗ്മ ഓഷന്‍ ഹൈപ്പോത്തിസിസിന്റെ സ്ഥിരീകരണം എന്നിവയെല്ലാം ചന്ദ്രയാന്‍ 1 ദൗത്യത്തിന്റെ നിര്‍ണായക സംഭാവനകളായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണു ചന്ദ്രയാന്‍-2ല്‍ രാജ്യം ലക്ഷ്യമിടുന്നത്.
 
ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍ എന്നിവയ്ക്കൊപ്പം പര്യവേഷണം നടത്തുന്ന റോവര്‍ കൂടി ഉള്‍പ്പെടുന്നതാണു ചന്ദ്രയാന്‍-2. ഐ.എസ്.ആര്‍.ഒ ഇതുവരെ നടത്തിയിട്ടുള്ളതില്‍ ഏറ്റവും സങ്കീര്‍ണമെന്നു വിശേഷിപ്പിക്കപ്പെടുന്ന ദൗത്യത്തിന്റെ ആകെ ഭാരം 3290 കിലോയാണ്. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള വിക്ഷേപണത്തിനു ശേഷം ഓര്‍‌ബിറ്റര്‍ ചന്ദ്രനു 100 കിലോമീറ്റര്‍ മുകളിലുള്ള ഭ്രമണപഥത്തിലെത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍