നിർഭയ കേസ് പ്രതികളുടെ വധശിക്ഷ അടുത്ത ആഴ്‌ച നടപ്പിലാക്കുമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ
തിങ്കള്‍, 9 ഡിസം‌ബര്‍ 2019 (14:54 IST)
രാജ്യത്ത് വൻ കോളിളക്കം സൃഷ്ട്ടിച്ച നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്തയാഴ്ച് തന്നെ നടപ്പിലാക്കുമെന്ന് റിപ്പോർട്ട്. നിർഭയ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതിന്റെ ഏഴാം വാർഷിക ദിനമായ തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിക്കായിരിക്കും വധശിക്ഷ നടപ്പിലാക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 
 
കേസുമായി ബന്ധപ്പെട്ട് പ്രതികൾ സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളുമെന്നാണ് അറിയുന്നത്. ദയാഹർജി തന്റെ അനുമതിയില്ലാതെയാണ് അയച്ചതെന്ന് ചൂണ്ടികാട്ടി കഴിഞ്ഞയാഴ്ച പ്രതികളിലൊരാളായ വിനയ് ശർമ്മ ദയാഹർജി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രാഷ്ട്രപതിയെ സമീപിച്ചിരുന്നു.
 
നിർഭയ കേസുമായി ബന്ധപ്പെട്ട് ശിക്ഷ കാത്ത് കാത്ത് കഴിയുന്ന നാല് പ്രതികളും തിഹാർ ജയിലിലാണുള്ളത്. ഇതിനിടെ ബിഹാറിലെ ബക്‌സാർ ജില്ലയിലെ ജയിൽ അധിക്രുതർക്ക് 10 തൂക്കുകയറുകൾ നിർമ്മിക്കാനുള്ള നിർദേശം ലഭിച്ചതായി ബക്‌സാർ ജയിൽ സൂപ്രണ്ട് വിജയ് കുമാർ അറോറ അറിയിച്ചു. കാലങ്ങളായി ബക്‌സാർ ജയിലിൽ നിന്നും തൂക്കുകയർ നിർമിച്ച് നൽകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 
തെലങ്കാനയിൽ മ്രുഗഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് നിർഭയാ കേസിലെ പ്രതികളെ തൂക്കിലേറ്റണമെന്ന വാദം ശക്തമായത്. നേരത്തെ പാർലമെന്റ് അക്രമണ കേസിലെ പ്രതിയായിരുന്ന അഫ്സൽ ഗുരുവിനെ തൂക്കിലേറ്റാനുമുള്ള കയർ തയ്യാറാക്കിയതും ബക്‌സാർ ജയിലിൽ നിന്നുമായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article