രാജ്യത്ത് ദിവസം ശരാശരി 90 പീഡനങ്ങൾ!! ശിക്ഷ ലഭിക്കുന്നത് വെറും 16 ശതമാനം മാത്രം

അഭിറം മനോഹർ

ശനി, 7 ഡിസം‌ബര്‍ 2019 (20:19 IST)
രാജ്യത്ത് തെലങ്കാന പീഡനം,ഉന്നാവിലെ പീഡനം അങ്ങനെ പലസ്ഥലത്ത് നിന്നും നിരന്തരം പീഡന വാർത്തകൾ പുറത്തുവരുന്നു. ഹൈദരാബാദിലെ പ്രതികളെ പോലീസ് വെടിവെച്ചുകൊന്ന സംഭവത്തിൽ സമ്മിശ്ര പ്രതികരണമാണ് രാജ്യത്തുണ്ടായത്. ഇതോടെ ബലാത്സംഗകേസുകളിൽ രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ ഫലപ്രദമായ ഇടപെടലിനെ കുറിച്ചും പോരായ്മകളെ കുറിച്ചും വിപുലമായ ചർച്ചകൾ ഉയർന്നുവരുന്നുണ്ട്.
 
എന്നാൽ കണക്കുകൾ പരിശോധിക്കുമ്പോൾ ഇന്ത്ല്യിൽ നടക്കുന്ന പീഡനങ്ങളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. 2017ലെ കണക്കുകൾ പ്രകാരം രാജ്യത്ത് പ്രതിദിനം ശരാശരി 90 പീഡനങ്ങൾ നടക്കുന്നുവെന്നാണ് പറയുന്നത്. എന്നാൽ റജിസ്റ്റർ ചെയ്യുന്ന കേസുകളിൽ തന്നെ വെറും പതിനാറ് ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെടുന്നത് എന്നാണ് റിപ്പോർട്ട്. പ്രതികൾ കുറ്റക്കാരാണ് എന്ന് തെളിയുന്ന കേസുകളിൽ പോലും ശിക്ഷ നടപ്പിലാക്കാൻ അനാവശ്യമായ കാലതാമസമാണ് നേരിടുന്നത്. രാജ്യത്ത് ഏറ്റവുമധികം ചർച്ചയായ നിർഭയ കേസിൽ പോലും ഏഴ് വർഷം പിന്നിട്ടിട്ടും ശിക്ഷ നടപ്പായിട്ടില്ല.
 
നിർഭയ കേസിന് ശേഷം രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അക്രമണങ്ങൾക്ക് വാർത്താപ്രാധാന്യം ലഭിക്കുമ്പോൾ പോലും അക്രമങ്ങളുടെ നിരക്ക് ഉയരുന്നതയാണ് സമീപകാല വാർത്തകൾ സൂചന നൽകുന്നത്. രാജ്യത്ത് സ്ത്രീകൾക്കെതിരെ നടന്ന അക്രമങ്ങൾ 2012ൽ 25,000 ആണെന്നാണ് പോലീസ് കണക്കുകൾ 2016ൽ ഇത് 38,000 ആയി ഉയർന്നു. 2017ൽ 32,559 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേസുകൾ വർധിക്കുമ്പോഴും പീഡനകേസുകൾ അവസാനിപ്പിക്കുന്നതിൽ കോടതികൾ ഇപ്പോഴും ഏറെ പുറകിലാണ്. 2017 അവസാനം വരെയുള്ള കണക്കുകൾ പ്രകാരം 1.27ലക്ഷത്തിലധികം കേസുകളാണ് കോടതിയിൽ കെട്ടിക്കിടക്കുന്നത്. 
 
2002 മുതൽ 2011 വരെയുള്ള കേസുകളിൽ 26 ശതമാനം കേസുകളിലാണ് ശിക്ഷാവിധികൾ നടപ്പിലായത്. അപ്പോഴും മറ്റ് വികസ്വര രാജ്യങ്ങളെ പരിഗണിക്കുമ്പോൾ ഇന്ത്യ മുന്നിലാണ് അതിശയകരമായ വാർത്ത. ദക്ഷിണാഫ്രിക്കയിലെ ലഭ്യമായ കണക്കുകൾ പ്രകാരം കോടതിയിലെത്തുന്ന പീഡനകേസുകളിൽ 8 ശതമാനത്തിൽ മാത്രമാണ് കുറ്റവാളികളെ കണ്ടെത്തുന്നത്. ബംഗ്ലാദേശിലും കുറ്റക്കാരായി വിധിക്കുന്നവരുടെ ശതമാനം ഏറെ കുറവാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍