സ്വിമ്മിം​ഗ് പൂളിലെ വെളളം മൂക്കിൽ കയറിയത് രോ​ഗകാരണമെന്ന് റിപ്പോർ‌ട്ട്; ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം

നിഹാരിക കെ.എസ്

ഞായര്‍, 14 സെപ്‌റ്റംബര്‍ 2025 (08:16 IST)
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വിമ്മിം​ഗ് പൂളിൽ നിന്ന് 17കാരന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വിമ്മിം​ഗ് പൂളിലെ വെള്ളം മൂക്കിൽ കയറിയതാണ് രോ​ഗകാരണമെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഓഗസ്റ്റ് 16 നാണ് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ പൂളിൽ കുട്ടികൾ ഇറങ്ങിയത്. പിറ്റേന്ന് തന്നെ കുട്ടിക്ക് കടുത്ത തലവേദന ഉണ്ടായി. ശാരീരിക അസ്വസ്ഥത കൾ കൂടിയതോടെ നിംസിൽ ചികിത്സ തേടി. 
 
രോഗം കലശലായതോടെ അനന്തപുരി ആശുപത്രിയിൽ എത്തി. ഇവിടെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടി ഐസിയുവിൽ തുടരുകയാണ്. 
 
സംഘത്തിൽ ഉണ്ടായിരുന്നത് നാലു പേരാണ്. എന്നാൽ മറ്റു മൂന്ന് കുട്ടികൾക്കും ഇത് വരെ രോഗ ലക്ഷണങ്ങൾ ഇല്ലെന്ന് ആരോ​ഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. കുട്ടികൾ എല്ലാം നിരീക്ഷണത്തിൽ തുടരുകയാണ്. എല്ലാവരും സ്കൂൾ, ട്യൂഷൻ സെന്ററിലെ സഹപാഠികളാണ്.  ഓഗസ്റ്റ് 16 മുതൽ ഇന്നലെ വരെ പൂളിൽ ഇറങ്ങിയവരുടെ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. ഇവരെയും നിരീക്ഷണത്തിലാക്കും. പൂളിലെ വെള്ളത്തിന്റെ പരിശോധന ഫലം വന്ന ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍