റോഡ്‌ഷോയുമായി സോണിയ ഗാന്ധി ഉത്തര്‍പ്രദേശില്‍; അങ്കത്തിന് തുടക്കമിടുന്നത് പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയില്‍ നിന്ന്

Webdunia
ചൊവ്വ, 2 ഓഗസ്റ്റ് 2016 (16:01 IST)
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരംഭം കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉത്തര്‍പ്രദേശില്‍ റോഡ് ഷോ നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസിയില്‍ റോഡ്ഷോയുമായി എത്തിയ സോണിയയെ വരവേല്‍ക്കാന്‍ നിരവധി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഷീല ദീക്ഷിത് ആണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. 
 
പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ വികസനമില്ലായ്മയും ഗംഗ പുനരുദ്ധാരണ പദ്ധതിയുടെ പരാജയവും ആയിരിക്കും കോണ്‍ഗ്രസ് അധ്യക്ഷയുടെ പ്രസംഗത്തിന് വിഷയമാകുക. രാജ്യത്തെ ദളിത് വേട്ടയും കോണ്‍ഗ്രസ് രാഷ്‌ട്രീയ വിഷയമാക്കിയേക്കും. സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബര്‍ ഉള്‍പ്പെടെ നേതാക്കളുടെ വന്‍ നിരയാണ് വാരണാസിയില്‍ റോഡ്ഷോയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്.
 
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോറാണ് കോണ്‍ഗ്രസിനു വേണ്ടി തന്ത്രങ്ങള്‍ മെനയുന്നത്. 
നേരത്തെ, ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിക്ക് വേണ്ടിയും ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനു വേണ്ടിയും തന്ത്രങ്ങള്‍ മെനഞ്ഞത് പ്രശാന്ത് കിഷോര്‍ ആയിരുന്നു.
Next Article