സമ്പൂർണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കെ എസ് ഇ ബി പുതിയ പദ്ധതി ഒരുക്കുന്നു. ഇനിയും വൈദ്യുതി ലഭിച്ചിട്ടില്ലാത്തതും പേരു ചേർക്കാത്തതുമായ ഗുണഭോക്താക്കൾക്കളെ കണ്ടെത്തുന്നതിനായി 'മിസ്ഡ് കോൾ' സംവിധാനമാണ് കെ എസ് ഇ ബി ഏർപ്പെടുത്തിയിരിക്കുന്നത്.
സമ്പൂർണ്ണ വൈദ്യുതീകരണം നടപ്പാകാനാണിത്. 94960 18640 എന്ന മൊബൈൽ നമ്പരിലേക്ക് മിസ്ഡ് കോൾ ചെയ്താൽ കെ എസ് ഇ ബി ഉദ്യോഗസ്ഥർ തിരികെ വിളിച്ച് വിവരശേഖരണം നടത്തുകയും കരട് പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യും. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ
പബ്ലിക് റിലേഷൻസ് ഓഫീസർ ജെ മുഹമ്മദ് സിയാദ് ആണ് ഇക്കാര്യം പത്രസമ്മേളനത്തിൽ പറഞ്ഞത്.
ഗുണഭോക്താക്കളെ കണ്ടെത്താനുള്ള ഈ സംരംഭത്തിൽ എല്ലാവരും സഹകരിക്കണമെന്ന് കെ എസ് ഇ ബി അഭ്യർഥിച്ചു. 2017 മാർച്ചോടെ കേരളത്തിലെ എല്ലാ ഭവനങ്ങളും വൈദ്യുതീകരിക്കാനുള്ള കർമ്മപദ്ധതിയുമായിട്ടാണ് കേരള സർക്കാരും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡും മുന്നോട്ടുപോകുന്നത്. പദ്ധതിയുടെ ഭാഗമായി നടപടി ക്രമങ്ങളും ആരംഭിച്ചു.