സത്യപ്രതിജ്ഞ മലയാളത്തില്‍ മതി; ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നില്‍ സുരേഷിനെ ശകാരിച്ച് സോണിയ ഗാന്ധി

Webdunia
തിങ്കള്‍, 17 ജൂണ്‍ 2019 (16:04 IST)
ലോക്‌സഭയില്‍ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കേരളത്തില്‍ നിന്നുള്ള എംപിയായ കൊടിക്കുന്നില്‍ സുരേഷിനെ ശാസിച്ച് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. മലയാളിയായിട്ടും മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്യാതിരുന്നതിന് കൊടിക്കുന്നിലിനെ വിളിച്ചുവരുത്തി രോഷവും പ്രതിഷേധവും പ്രകടിപ്പിച്ച സോണിയാ ഗാന്ധി, മലയാളി എംപിമാര്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്താല്‍ മതിയെന്ന് ആവശ്യപ്പെടുകയും ചെയ്തു.
 
 
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തൊട്ടുപിറകെയായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ സത്യപ്രതിജ്ഞ. പ്രോ ട്ടേം സ്പീക്കര്‍ വീരേന്ദ്ര കുമാറിന് മുമ്പാകെ വന്ന കൊടിക്കുന്നില്‍ സുരേഷിന് ഇംഗ്ലീഷിലുള്ള പകര്‍പ്പ് ആദ്യം സെക്രട്ടറി ജനറല്‍ നല്‍കിയെങ്കിലും ഹിന്ദി മതിയെന്ന് പറഞ്ഞാണ് കൊടിക്കുന്നില്‍ സത്യപ്രതിജ്ഞ ഹിന്ദിയിലാക്കിയത്.
 
മലയാളിയായ കൊടിക്കുന്നിലിന്റെ ഹിന്ദി കേട്ട് ഹിന്ദി ബെല്‍റ്റില്‍ നിന്നുള്ള ബിജെപി എംപിമാര്‍ ഡസ്‌കിലടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു.ഇതുകഴിഞ്ഞ് ഇരിപ്പിടത്തിലേക്ക് പോയ കൊടിക്കുന്നിലിനെ തന്റെ സമീപത്തേക്ക് വിളിച്ചുവരുത്തിയ സോണിയാ ഗാന്ധി, എന്തുകൊണ്ടാണ് ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയതെന്ന് ചോദിച്ചു. കൊടിക്കുന്നില്‍ നല്‍കിയ വിശദീകരണം സോണിയയെ തൃപ്തിപ്പെടുത്തിയില്ല. ഇതിന് പിറകെ വന്ന ബിജു ജനതാദളിലെ ഭര്‍തുഹരി മെഹ്താബ് ഒഡിയയില്‍ സത്യപ്രതിജ്ഞ ചെയ്തത് കൊടിക്കുന്നിലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ സോണിയ ചെയ്തത് ശരിയായില്ലെന്ന് തീര്‍ത്ത് പറഞ്ഞു.
 
തുടര്‍ന്ന് രണ്ടാം നിരയില്‍ ഇരിക്കുകയായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍, രമ്യ ഹരിദാസ്, ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ്, ടി.എന്‍ പ്രതാപന്‍,ഹൈബി ഈഡന്‍, ബെന്നി ബെഹനാന്‍ എന്നിവര്‍ക്ക് നേരെ തിരിഞ്ഞ് മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്താല്‍ മതിയെന്ന് സോണിയ നിര്‍ദേശിക്കുകയും ചെയ്തുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article