കടം വാങ്ങിയ അഞ്ചുലക്ഷം രാഹുല്‍ മടക്കി നല്‍കിയില്ലെന്ന് സോണിയ, അമ്മയ്‌ക്ക് പണം കൊടുക്കാനുണ്ടെന്ന് മകന്‍ - ചിരി പടര്‍ത്തി സത്യവാങ്‌മൂലം
ഞായര്‍, 14 ഏപ്രില്‍ 2019 (17:41 IST)
യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിൽ സമര്‍പ്പിച്ച നാമനിർദേശ പത്രികയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന ഒരു പണമിടപാടാണ് പ്രവര്‍ത്തകരില്‍ പോലും ചിരിയുണര്‍ത്തുന്നത്.
മകനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിക്ക് അഞ്ചു ലക്ഷം രൂപ വായ്‌പ നല്‍കിയെന്നാണ് പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ സോണിയ വ്യക്തമാക്കിയിരിക്കുന്നത്.
വയനാട്ടില്‍ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ അമ്മയില്‍ നിന്ന് വാങ്ങിയ അഞ്ചുലക്ഷം രൂപ മടക്കി നല്‍കാനുണ്ടെന്ന് രാഹുലും വ്യക്തമാക്കുന്നുണ്ട്.
11.82 രൂപയുടെ വ്യക്തിഗത ആസ്‌തിയുണ്ടെന്നാണ് സോണിയ ഇത്തവണ കാണിച്ചിരിക്കുന്നത്. അതേസമയം, 60,000 രൂപ കൈയിലുണ്ടെന്നും 16.5 ലക്ഷം രൂപ ബാങ്ക് നിക്ഷേപവുമായി ഉണ്ടെന്നും രാഹുല്‍ സത്യവാങ്‌മൂലത്തില്‍ പറയുന്നു.
അഞ്ചാം തവണയാണ് റായ്ബറേലിയിൽ നിന്നു സോണിയ ജനവിധി തേടുന്നത്. മേയ് ആറിന് അഞ്ചാം ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ്. അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ദിനേശ് പ്രതാപ് സിങാണു സോണിയയുടെ എതിരാളി.