രാജ്യത്തെ യാഥാര്‍ത്ഥ്യങ്ങള്‍ അറിയാത്ത സര്‍ക്കാരാണ് ഇന്ത്യയിലുള്ളതെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഏതോ മായികലോകത്തിലാണ് അവര്‍ ജീവിക്കുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ട് തിരിച്ചറിയുന്നതു കൊണ്ടാണ് നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനുള്ള സമയം ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ കള്ളപ്പണത്തിനെതിരായുള്ള നടപടിയെ വിമര്‍ശിക്കുന്നില്ല. എന്നാല്‍, അത് നടപ്പാക്കിയ രീതിയെയാണ് വിമര്‍ശിക്കുന്നത്. 1000 രൂപ, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം സാധാരണക്കാരന് ഉണ്ടാക്കിയിട്ടുള്ള ക്ലേശങ്ങള്‍ ചില്ലറയല്ലെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണക്കാരെ കൈകാര്യം ചെയ്യണമെങ്കില്‍ സര്‍ക്കാര്‍ അത് ചെയ്യട്ടെ. അതിനു വേണ്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സര്‍ക്കാരും ഏത് ലോകത്തിലാണ് ജീവിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.