ഒമര്‍ അബ്ദുള്ളയ്ക്ക് സുരക്ഷാവീഴ്ച; വസതിക്ക്‌നേരേ വെടിവെപ്പ്

Webdunia
തിങ്കള്‍, 17 നവം‌ബര്‍ 2014 (11:35 IST)
കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് സുരക്ഷാവീഴ്ച. വസതിക്ക് നേരേ ബി‌എസ്‌എഫ് ജവാന്‍ വെടിവെച്ചു. വെടിവെച്ച ബിഎസ്എഫ് ജവാനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇതിനിടെ പൂഞ്ച് സെക്ടറില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സേന വെടിവെച്ചു. സൈനികന്റെ കൈയിലെ ഓട്ടോമാറ്റിക്ക് റൈഫിളില്‍ നിന്നാണ് അബദ്ധത്തില്‍ വെടി പൊട്ടിയത്. ബിഎസ്എഫ് ജവാന്‍ മാനസികമായി അസ്വസ്ഥനായാണ് കാണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
 
സംഭവം നടക്കുമ്പോള്‍ ഒമര്‍ അബ്ദുള്ള വീട്ടില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ തന്റെ സുരക്ഷ ഉദ്യോഗസ്ഥരെ വിശ്വാസമുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ വീടിന് സമീപം സുരക്ഷാ നിരീക്ഷണത്തിലുള്ള ഗുപ്കാര്‍ റോഡ് മേഖലയിലെ താമസക്കാര്‍ വെടിയൊച്ച കേട്ട് ആശങ്കാകുലരായി. മുഖ്യമന്ത്രിയുടെ വീട്ടില്‍ എന്തോ അക്രമമുണ്ടായെന്നാണ് ഇവര്‍ കരുതിയത്.
 
അതേസമയം, ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ വീണ്ടും പാക്‌സൈന്യം വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ചു. സൗസിയാന്‍ പ്രദേശത്തെ ബിഎസ്എഫ് പോസ്റ്റിനു നേരെ പാകിസ്ഥാന്‍ റൈയ്‌ഞ്ചേഴ്‌സിന്റെ ഭാഗത്തു നിന്നും വെടിവെപ്പുണ്ടായി. ഇന്നലെ രാത്രി 11ന് ആരംഭിച്ച വെടിവെപ്പ് പുലര്‍ച്ചെവരെ നീണ്ടുനിന്നു. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. സംഘര്‍ഷത്തില്‍ ആര്‍ക്കും പരുക്കില്ല.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.