ബിജെപിയെ പൂട്ടാന്‍ ശിവസേന; മുംബൈ മേയര്‍ സ്ഥാനം കാക്കാന്‍ കോണ്‍ഗ്രസുമായി ധാരണയായെന്ന് സൂചന

Webdunia
ശനി, 25 ഫെബ്രുവരി 2017 (14:14 IST)
മുംബൈ കോര്‍പറേഷനില്‍ മേയര്‍ സ്ഥാനം ലഭിക്കാന്‍ ശിവസേന കോണ്‍ഗ്രസിന്റെ സഹായം തേടുന്നു. 
സഖ്യത്തിലേർപ്പെടാൻ തയ്യാറാണെന്ന ബിജെപി നേതാവ് നിതിൻ ഗഡ്കരിയുടെ പ്രസ്താവനയെ മറികടന്നാണ് ശിവസേനയുടെ ഈ നീക്കം. കേവല ഭൂരിപക്ഷം പോലും ബിജെപിക്കു ലഭിക്കാതിരിക്കാനാണ് ഇത്തരത്തിലൊരു നീക്കം എന്നാണ് റിപ്പേര്‍ട്ടുകള്‍.
 
മേയര്‍ തെരെഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന ആവശ്യവുമായി ശിവസേന നേതാവായ ഉദ്ധവ് താക്കറെയുടെ അനുയായികള്‍  കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതാ‍യാണ് വിവരം. ഒന്നുകില്‍  വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുക, അല്ലെങ്കില്‍ പുറത്തുനിന്ന് പിന്തുണക്കുക എന്നിങ്ങനെയുള്ള രണ്ട് നിര്‍ദേശങ്ങളാണ് ശിവസേന കോണ്‍ഗ്രസിന് മുന്നില്‍ വെച്ചിരിക്കുന്നത്.
 
എംഎൻഎസിനെയും കൂടെ നിർത്താൻ‌ ശിവസേന തയ്യാറാണെന്നും സൂചനയുണ്ട്. മുംബൈ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ 84 സീറ്റാണ് ഒറ്റയ്ക്ക് മത്സരിച്ച ശിവസേനക്ക് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജയിച്ച രണ്ട് ശിവസേന അംഗങ്ങള്‍ക്കൂടി ചേര്‍ന്നതോടെ അവരുടെ അംഗബലം 86 ആവുകയും ചെയ്തിരുന്നു. എന്നാല്‍ ബിജെപിക്ക് 82 സീറ്റും കോണ്‍ഗ്രസിന് 31 സീറ്റുമായിരുന്നു അന്ന് കിട്ടിയത്.
 
ശിവസേനയെ പിന്തുണക്കാന്‍ രണ്ട് സ്വതന്ത്രര്‍ കൂടി തയ്യാറാണെന്നാണ് പുറത്തുവരുന്ന റിപ്പേര്‍ട്ടുകള്‍. മുംബൈ കോര്‍പ്പറേഷനില്‍ 14 അംഗങ്ങളാണ് രാജ് താക്കറെയുടെ പാര്‍ട്ടിക്കുള്ളത്. എന്നാല്‍ ഈ പിന്തുണ ലഭിച്ചാലും കേവല ഭൂരിപക്ഷം ലഭിക്കില്ല എന്നതും ഒരു പ്രശ്നമാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ സഹായം പ്രതീക്ഷിച്ച് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. 
Next Article