സെല്‍ഫിക്കായി ഡല്‍ഹി സ്വദേശി ഒരു ലക്ഷം രൂപയുടെ ശസ്ത്രക്രിയ നടത്തി

Webdunia
ശനി, 5 സെപ്‌റ്റംബര്‍ 2015 (16:55 IST)
സെല്‍ഫികളില്‍ മനോഹരമായി കാണപ്പെടുന്നതിനായി  ഡല്‍ഹി സ്വദേശി പ്ലാസ്റ്റിക് ശസ്ത്രക്രിയ നടത്തി. ഡല്‍ഹി സ്വദേശിയായ സാഹില്‍ കമ്രയാണു പ്ലാസ്റ്റിക് ശസ്ത്രക്രിയ നടത്തിയത്. മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കായി ഒരു ലക്ഷം രൂപയോളമാണു ചെലവഴിച്ചത്. ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമായി പിന്തുടരുന്നവരുടെ പ്രശംസ നേടിയെടുക്കുന്നതിനും ആത്മവിശ്വാസം നേടുന്നതിനുമാണു ശസ്ത്രക്രിയ നടത്തിയതെന്ന് കമ്ര പറഞ്ഞു.
 
മെട്രോനഗരങ്ങളില്‍ ഇത്തരത്തില്‍ സൗന്ദര്യവര്‍ധക ശസ്ത്രക്രിയ നടത്തുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയുടെ വരവോടെ അനവധി യുവതീയുവാക്കളാണു സൗന്ദര്യവര്‍ധക ശസ്ത്രക്രിയയ്ക്കായി സമീപിക്കുന്നതെന്നു സൗത്ത് ഡല്‍ഹിയില്‍ ക്ലിനിക് നടത്തുന്ന ഡോ. അനുപ് ദിര്‍ പറഞ്ഞു. കാമറയുടെ മുന്നില്‍ കസര്‍ത്തുകാട്ടാന്‍ മാത്രമായി ശസ്ത്രക്രിയയ്‌ക്കൊരുങ്ങുന്നവരെ പാര്‍ശ്വഫലങ്ങള്‍ അറിയിച്ചു നിരുത്സാഹപ്പെടുത്തുകയാണു ചെയ്യാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.