ദേശീയ സംസ്ഥാന പാതയോരങ്ങളിലെ എല്ലാ മദ്യശാലകളും 2017 മാർച്ച് 31നകം അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി. ബാറുകള്‍, ബവ്റീജസ് ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയ മദ്യവിൽപനശാലകൾക്ക് ഈ വിധി ബാധകമാണ്. നിലവിലുള്ള മദ്യശാലകൾക്ക് മാർച്ച് 31 വരെ അതേരീതിയില്‍ പ്രവർത്തിക്കാമെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂർ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയിലുള്ള എല്ലാ ബാറുകളും ബിവറേജസ് ഔട്ട്‌ലറ്റുകളും പൂട്ടണമെന്നും പാതയോരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള മദ്യശാലകളുടെ ബോർഡുകളും പരസ്യങ്ങളുമെല്ലാം അവിടെനിന്നും നീക്കണമെന്നും കോടതി ഉത്തരവിലുണ്ട്. മദ്യശാലകള്‍ കാരണം പ്രധാനപാതകളിലെ യാത്രക്കാര്‍ക്ക് തടസം നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ ഉത്തരവ്.
സംസ്ഥാന പൊലീസ് മേധാവികൾ, ചീഫ് സെക്രട്ടറി എന്നിവർക്കാണ് ഈ ഉത്തരവ് നടപ്പിലാക്കാനുള്ള ചുമതല. ദേശീയ-സംസ്ഥാന പാതയോരങ്ങളോട് ചേർന്ന് മദ്യശാലകൾ പാടില്ലെന്ന വിവിധ ഹൈക്കോടതി വിധികൾക്കെതിരായി മദ്യവ്യവസായികൾ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് സുപ്രീം കോടതി ഇത്തരമൊരു സുപ്രധാന വിധി പുറപ്പെടുവിച്ചത്.